രത്തൻ ഖേൽക്കറുടെ നിയമനത്തിൽ പ്രതികരിച്ച് സിപിഎം പശ്ചിമ ബംഗാൾ സെക്രട്ടറി മുഹമ്മദ് സലീം. രാഷ്ട്രീയ കൂറുള്ള ഉദ്യോഗസ്ഥ വൃന്ദത്തെ കോൺഗ്രസിനും ആവശ്യമുണ്ടെന്നും കോൺഗ്രസും ബിജെപിയും പിന്തുടരുന്ന രീതികൾ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: കേരളത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശൻ്റെ സെക്രട്ടറിയായി നിയമിച്ചതിൽ പ്രതികരണവുമായി സിപിഎം പശ്ചിമ ബംഗാൾ സെക്രട്ടറി മുഹമ്മദ് സലീം. ബംഗാളിൽ ബിജെപി സർക്കാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയായി നിയമിച്ചതിലെ ധാർമികത ചോദ്യം ചെയ്യാൻ കോൺഗ്രസിന് അവകാശമില്ല. രാഷ്ട്രീയ കൂറുള്ള ഉദ്യോഗസ്ഥ വൃന്ദത്തെ ബിജെപിയെ പോലെ കോൺഗ്രസിനും ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസും ബിജെപിയും പിന്തുടരുന്ന രീതികൾ ഒന്നാണ്. ഐഎഎസ്, ഐപിഎസ് ലോബിക്ക് ഈ പാർട്ടികളോട് അടുത്ത ബന്ധമുണ്ട്. നിയമനങ്ങൾ തെരഞ്ഞെടുപ്പിലെ സുതാര്യത സംബന്ധിച്ച് ജനങ്ങളിൽ സംശയം ഉണ്ടാക്കുന്നു. ഈ നിയമങ്ങൾ ഒറ്റ രാത്രികൊണ്ട് ഉണ്ടായ മാറ്റം അല്ലെന്നും അദ്ദേഹം പറഞ്ഞു.
ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം സിപിഐഎമ്മിന് പ്രതീക്ഷ നൽകുന്നതാണെന്നും മുഹമ്മദ് സലീം പറഞ്ഞു. ഭയമില്ലാതെ ജനങ്ങൾ വോട്ട് ചെയ്തപ്പോൾ പോരാട്ടം സിപിഐഎമ്മും ബിജെപിയും തമ്മിലായി. തൃണമൂൽ ഐസ് പോലെ അലിഞ്ഞു. ഫൾട്ട തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത് ആയുധമാക്കുകയാണ് സിപിഎമ്മും ബിജെപിയും. രത്തൻ ഖേൽക്കറുടെ നിയമനം ബംഗാളിലേതിന് സമാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. നിയമനത്തിൽ ഡീലുണ്ടോയെന്ന് വൈകാതെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. വിഷയം സംസ്ഥാന - ദേശീയതലത്തിൽ ബിജെപി ഉയർത്തിക്കാട്ടുന്നുണ്ട്. ബംഗാളിലെ നിയമനത്തെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് കേരളത്തിലെ നിയമനത്തിൽ മിണ്ടാട്ടമില്ലെന്നും ബിജെപി കുറ്റപ്പെടുത്തി.
രത്തൻ ഖേൽക്കറുടെ നിയമനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ കൃത്യമായ മറുപടി നൽകാൻ തയ്യാറായിട്ടില്ല. അത് ഭരിക്കുന്നവരുടെ തീരുമാനങ്ങളാണെന്നും ഇക്കാര്യത്തിൽ തനിക്ക് അഭിപ്രായമില്ലെന്നുമാണ് വേണുഗോപാലിൻ്റെ പ്രതികരണം.


