അനധികൃത കാലിക്കടത്തിനിടെ മലയാളി ലോറി ഡ്രൈവര്‍ക്ക് കര്‍ണാടക പൊലീസിന്‍റെ വെടിയേറ്റു. കാസർകോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്. കാലിന് വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബെംഗളൂരു: കർണാടകയിലെ പുത്തൂരിൽ അനധികൃത കന്നുകാലികടത്തിനിടെ മലയാളിയായ ലോറി ഡ്രൈവർക്ക് വെടിയേറ്റു. കാസർകോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്. പരിശോധനയ്ക്കിടെ നിർത്താതെ പോയതിന് തുടർന്നാണ് പിന്തുടർന്നെത്തിയ പുത്തൂർ റൂറൽ പൊലീസ് സംഘം അബ്ദുള്ളയുടെ കാലിൽ വെടിയുതിർത്തത്. ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ താലൂക്കിലെ ഈശ്വരമംഗളത്ത് ഊടുവഴിയിലൂടെ ലോറിയിൽ കന്നുകാലികളെ കടത്താനുള്ള ശ്രമത്തിനിടെയാണ് അബ്ദുള്ളയ്ക്ക് വെടിയേറ്റത്. ഐഷർ ലോറിയിൽ 10 കന്നുകാലികളുമായി എത്തിയ അബ്ദുള്ളയെ പൊലീസ് തട‌ഞ്ഞെങ്കിലും വാഹനം നിർത്തിയില്ല. അതിവേഗത്തിൽ വാഹനവുമായി കടന്നതോടെ പൊലീസ് പിന്തുടർന്നു. പത്ത് കിലോമീറ്ററോളം ദൂരം ഈ ചേസിംഗ് തുടർന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

ഈ സമയം മറ്റൊരു വഴിയിലൂടെ ലോറിക്ക് മുന്നിലെത്തിയ പൊലീസ് വാഹനം കുറുകെയിട്ടു. ഇതിലേക്ക് അഷ്റഫ് ലോറി ഇടിപ്പിച്ചതോടെയാണ് വെടിയുതിർക്കേണ്ടി വന്നതെന്ന് പൊലീസ് വ്യക്തമാക്കി. ജംബുരാജ് എന്ന ഉദ്യോഗസ്ഥനാണ് രണ്ട് റൗണ്ട് വെടിയുതിർന്നത്. ഒരു വെടിയുണ്ട വാഹനത്തിലും മറ്റൊന്ന് അഷ്റഫിന്‍റെ കാലിലും തറച്ചു. ഇതോടെ സഹായി ഓടി രക്ഷപ്പെട്ടു. അഷ്റഫിനെ കസ്റ്റഡിയിലെടുത്ത പൊലീസ് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അനധികൃത കന്നുകാലി കടത്തിന് ബെല്ലാരി പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. അഷ്റഫിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. രക്ഷപ്പെട്ടയാൾക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.