'ഇന്ത്യ' സഖ്യത്തിന്‍റെ പിന്‍ബലത്തില്‍ ഉത്തര്‍ പ്രദേശില്‍ ബി ജെ പിയെ പരാജയപ്പെടുത്താനായത് പ്രതിപക്ഷ സഖ്യത്തിന് വലിയ ആത്മവിശ്വാസമായി. ഝാര്‍ഖണ്ഡില്‍ ജെ എം എമ്മിന്‍റെ വിജയവും 'ഇന്ത്യ'യുടെ പ്രതീക്ഷ വർധിപ്പിക്കുന്നതാണ്

ദില്ലി: പുതുപ്പള്ളിക്ക് പുറമെ അഞ്ച് സംസ്ഥാനങ്ങളിലായി ആറ് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ സമ്പൂർണ ഫലം പുറത്തുവന്നു. ബി ജെ പി 3 സീറ്റിൽ വിജയിച്ചു. കോൺഗ്രസിന് പുതുപ്പള്ളി വകയായിരുന്നു സന്തോഷം ലഭിച്ചത്. 'ഇന്ത്യ' സഖ്യത്തിന്‍റെ പിന്‍ബലത്തില്‍ ഉത്തര്‍ പ്രദേശില്‍ ബി ജെ പിയെ പരാജയപ്പെടുത്താനായത് പ്രതിപക്ഷ സഖ്യത്തിന് വലിയ ആത്മവിശ്വാസമായി. ഝാര്‍ഖണ്ഡില്‍ ജെ എം എമ്മിന്‍റെ വിജയവും 'ഇന്ത്യ'യുടെ പ്രതീക്ഷ വർധിപ്പിക്കുന്നതാണ്. ബംഗാളിലാകട്ടെ വിഭജിച്ച് മത്സരിച്ച 'ഇന്ത്യ' സഖ്യത്തിലെ തൃണമൂലാണ് വെന്നിക്കൊടി പാറിച്ചത്. ഇവിടെ ബി ജെ പി സീറ്റാണ് തൃണമൂൽ പിടിച്ചെടുത്തത്. കേവല ഭൂരിപക്ഷത്തിന് വെല്ലുവിളി നേരിട്ട ത്രിപുരയിൽ ഉജ്ജ്വല വിജയം നേടാനായത് ബി ജെ പിക്കും ആശ്വാസമായി. ഉത്തരാഖണ്ഡിലെ ബാഗേശ്വർ മണ്ഡലത്തിലും ബി ജെ പി സ്ഥാനാർത്ഥി വിജയിച്ചുകയറി. ഇതാണ് രാജ്യത്തെ 7 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ആകെ ചിത്രം.

ഭൂരിപക്ഷത്തിൽ ചാണ്ടി 'അപ്പ'യെക്കാൾ അതിവേഗം; പക്ഷേ ചരിത്രത്തിൽ ഒന്നാമനല്ല, ബഹുദൂരം മുന്നിൽ പി ജയരാജൻ !

യുപിയിൽ 'ഇന്ത്യ'യുടെ കരുത്തായി ഘോസി, ഝാര്‍ഖണ്ഡിൽ ദുംറി

പ്രതിപക്ഷ ഐക്യമായി 'ഇന്ത്യ' മുന്നണി വലിയ ആത്മവിശ്വാസമേകുന്നത് ഉത്തർപ്രദേശിലെ ഘോസിയിലെ തെരഞ്ഞെടുപ്പ് ഫലം. സമാജ്‍വാദി പാര്‍ട്ടി എം എല്‍ എയായിരുന്ന ധാര സിങ് ചൗഹാൻ സ്ഥാനം രാജിവെച്ച് ബി ജെ പിക്ക് വേണ്ടി കളത്തിലെത്തിയെങ്കിലും ജനം പ്രഹരമേൽപ്പിച്ചു. 'ഇന്ത്യ' മുന്നണിയിലെ കോണ്‍ഗ്രസ് ഇടത് ആം ആദ്മിപാര്‍ട്ടികളുടെ പിന്തുണയിലിറങ്ങിയ സമാജ്‍വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സുധാകര്‍ സിംഗാണ് വിജയ മധുരം ഏറ്റുവാങ്ങിയത്. ബിജെപിയില്‍ ചേര്‍ന്ന മുന്‍ എം എ ല്‍എ ധാരാസിംഗ് ചൗഹാന്‍ കടുത്ത പരാജയം രുചിച്ചു. ഝാര്‍ഖണ്ഡിലെ ദുംറിയിലും ഇന്ത്യ സഖ്യത്തിന് വിജയം മധുരമായി. സഖ്യത്തിന്‍റെ പിന്തുണയോടെ മത്സരിച്ച ജെ എം എം സ്ഥാനാര്‍ത്ഥി ബേബി ദേവി, ബി ജെ പി പിന്തുണയോടെ മത്സരിച്ച ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്‍റ്സ് യൂണിയന്‍ സ്ഥാനാര്‍ത്ഥി യശോദാ ദേവിയേക്കാള്‍ പതിനേഴായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷം നേടി.

ത്രിപുരയ്ക്ക് താമരക്കാലം, സിപിഎമ്മിന് കടുത്ത നിരാശ

പുതുപ്പള്ളിക്ക് പുറമെ മത്സരിച്ച് ത്രിപുരയിലെ രണ്ട് മണ്ഡലത്തിലും ബംഗാളിലെ ഒരു സീറ്റിലൂം സി പി എമ്മിന് കടുത്ത നിരാശയാണ് ഫലം. പുതുപ്പള്ളിയില്‍ അടിപതറിയ സി പി എമ്മിന് ത്രിപുരയിലെ സിറ്റിംഗ് മണ്ഡലമായ ബോക്സാ നഗറില്‍ കെട്ടിവച്ച കാശ് പോലും നഷ്ടമായി. സി പി എമ്മിന്‍റെ എം എല്‍ എ ഷംസുല്‍ ഹഖിന്‍റെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മകന്‍ മിസാന്‍ ഹുസൈനെ ഇറക്കിയെങ്കിലും സഹതാപം തരംഗമായില്ല. മുപ്പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മണ്ഡലം ബി ജെ പിയുടെ കൈയിലായി. വെറും 3909 വോട്ടുകളാണ് കിട്ടിയതെന്നത് സി പി എമ്മിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. പാര്‍ട്ടിയിലെ പടലപിണക്കം തിരിച്ചടിയായെങ്കിലും വോട്ടിംഗ് മെഷിനില്‍ കൃത്രിമത്വം നടത്തി നേടിയ വിജയമെന്ന് സി പി എം ആരോപിച്ചു. മറ്റൊരു മണ്ഡലമായ ധന്‍പൂര്‍ നിലനിര്‍ത്തിയ ബി ജെ പി കേവല ഭൂരിപക്ഷത്തിലെ വെല്ലുവിളിയും മറികടന്നു. ഇവിടെ സി പി എമ്മിനേക്കാള്‍ പതിനെട്ടായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്.

ബംഗാൾ ഭദ്രമാക്കി മമത

രണ്ടിടങ്ങളില്‍ സിറ്റിംഗ് സീറ്റ് ബിജെപി നിലനിര്‍ത്തിയെങ്കിലും പശ്ചിമബംഗാളിലെ ദുപ് ഗുഡി മണ്ഡലത്തില്‍ കാലിടറി. പശ്ചിമബംഗാളിലെ ദുപ് ഗുഡി മണ്ഡലം നാലായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബി ജെ പിയിൽ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുകയായിരുന്നു. ബി ജെ പിയുമായുള്ള സ്ഥിരം സംഘര്‍ഷത്തില്‍ മമത ബാനര്‍ജിക്ക് ഇത് വലിയ ആശ്വാസമേകുന്നതാണ്. സി പി എം - കോൺഗ്രസ് പിന്തുണയോടെ മത്സരിച്ചെങ്കിലും നിലംതൊടാനായില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം