പാര്‍ട്ടി മാറുന്നത് സാധാരണമാണെങ്കിലും അടുത്തിടെ ഒരു പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ദേശീയ ഗാനത്തോട് കാണിക്കുന്ന ആദരം പോലെ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുന്ന ഭീമന്‍ രഘുവിനെ ട്രോളുകള്‍ കൊണ്ട് മൂടുകയാണ് നാട്ടുകാര്‍.

സ്ഥിര ശത്രുക്കളില്ലാത്ത ജെഡിഎസ്

സ്ഥിര വൈരികളില്ലെന്നത് രാഷ്ട്രീയത്തേക്കുറിച്ച് കാലാ കാലങ്ങളായി പറയുന്ന ശൈലിയാണ്. അക്ഷരാര്‍ത്ഥത്തില്‍ ഇത് യാഥാര്‍ത്ഥ്യമാകുന്ന കാഴ്ചയാണ് കര്‍ണാടകയില്‍ ജെഡിഎസിന് സംഭവിക്കുന്നത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാവെ നിലനില്‍പിന്റെ പ്രശ്നം നേരിടുന്ന ജെഡിഎസ് ബിജെപിയുമായി കൈകോര്‍ക്കാന്‍ വരെ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജീവന്‍ തിരിച്ച് പിടിക്കാനായി പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ വരെയുള്ള സന്നദ്ധതയാണ് എച്ച് ഡി ദേവഗൌഡ പ്രകടിപ്പിച്ചത്. ഐക്യം പ്രാവര്‍ത്തികമായാല്‍ ഹാസന്‍, തുംകുരു, കോളാര്‍, ബെംഗളുരു റൂറല്‍ സീറ്റുകളാണ് ബിജെപിയുമായി ചേര്‍ന്ന് ജെഡിഎസ് നേടുമെന്നാണ് വിലയിരുത്തല്‍.

സോളാര്‍ കൊടുങ്കാറ്റ്

സൌരക്കാറ്റ് ആളുകളുടെ ജീവിതത്തെ വലിയ രീതിയില്‍ അസ്വസ്ഥമാക്കുമെന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നത്. എന്നാല്‍ കേരളത്തില്‍ വീശുന്ന സൌരക്കാറ്റ് രാഷ്ട്രീയക്കാരെയും അവരുണ്ടാക്കിയ രാഷ്ട്രീയ സമവാക്യങ്ങളേയുമാണ് ഉലയ്ക്കുന്നത്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ ടാര്‍ഗറ്റ് ചെയ്യുകയായിരുന്നുവെന്നാണ് സിബിഐ അന്വേഷണം വിശദമാക്കുന്നത്. ചാണ്ടിയെ കുരുക്കാനായി പ്രതിപക്ഷം ആവശ്യപ്പെട്ട സിബിഐ അന്വേഷണത്തില്‍ ഒടുവില്‍ കുരുക്കിലാവുന്നത് സിപിഎം ആണെന്നതാണ് അപ്രതീക്ഷിത ക്ലൈമാക്സ്.

പ്രഖ്യാപനം വേറെ പ്രയോഗം വേറെ

രാജസ്ഥാനിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ സലജീവമാകുമ്പോള്‍ ഏറെ വൈറലായിരുന്നു ഒരു മുതിര്‍ന്ന നേതാവിന്റെ വാക്കുകള്‍. മക്കള്‍ രാഷ്ട്രീയത്തില്‍ സ്വയം ഉയര്‍ന്നുവരട്ടേയെന്നുമായിരുന്നു പ്രസ്താവന. പ്രസ്താവന ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍ പ്രസ്താവന സൃഷ്ടിച്ച കോലാഹലങ്ങള്‍ പൂര്‍ത്തിയാവും മുന്‍പാണ് നേതാവ് മകനുള്ള സീറ്റ് ഉറപ്പിച്ച ശേഷം നടത്തിയതാണ് പ്രസ്താവനയെന്ന വസ്തുത പുറത്താവുന്നത്.

റിയല്‍ ലൈഫ് കോമാളി

കോമഡി വേഷങ്ങള്‍ ചെയ്യുന്ന വില്ലന്മാര്‍ സിനിമാ സ്ക്രീനില്‍ സാധാരണമാണ്. എന്നാല്‍ കേരളത്തില്‍ റിയല്‍ ലൈഫില്‍ കോമാളി വേഷം കിട്ടിയിരിക്കുകയാണ് വില്ലന്‍ കഥാപാത്രങ്ങള്‍ ഏറെ കൈകാര്യം ചെയ്ത ഈ നടന്‍. 400ല്‍ അധികം ചിത്രങ്ങളില്‍ വില്ലന്‍ വേഷം ചെയ്ത ഭീമന്‍ രഘു സിനിമയില്‍ കോമഡിയും വഴങ്ങുമെന്ന് നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ റീലിന് പുറത്തേ റിയല്‍ ലൈഫ് ഭീമന്‍ രഘുവിന് സമ്മാനിക്കുന്നത് കോമാളി രൂപമാണ്. 2016ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു രഘു പെട്ടന്നാണ് സിപിഎമ്മില്‍ ചേര്‍ന്നത്. പിണറായി വിജയന്റെ കട്ട ഫാനെന്ന നിലയിലായിരുന്നു പാര്‍ട്ടി പ്രവേശനം. പാര്‍ട്ടി മാറുന്നത് സാധാരണമാണെങ്കിലും അടുത്തിടെ ഒരു പരിപാടിക്കിടെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ദേശീയ ഗാനത്തോട് കാണിക്കുന്ന ആദരം പോലെ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുന്ന ഭീമന്‍ രഘുവിനെ ട്രോളുകള്‍ കൊണ്ട് മൂടുകയാണ് നാട്ടുകാര്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം