മാനസസരോവർ തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത്, ഉത്തരാഖണ്ഡിൽ ഇന്ത്യ നിർമിച്ചുകൊണ്ടിരുന്ന ഏറെ നിർണായകമായ ഒരു ലിങ്ക് റോഡ് കഴിഞ്ഞ ദിവസം പണിതീർന്ന് ഉദ്‌ഘാടനം കഴിഞ്ഞിരുന്നു.  തിബറ്റിലെ കൈലാഷ് മാനസസരോവർ എന്ന പുണ്യസ്ഥലത്തേക്കുള്ള ഭാരതീയ തീർത്ഥാടകരുടെ യാത്ര കുറേക്കൂടി എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അതിർത്തിയോട് ചേർന്നുകിടക്കുന്ന ലിപുലേഖ് ചുരത്തിനെ ചൈനയുമായി ബന്ധിപ്പിച്ചുകൊണ്ട്, സമുദ്രനിരപ്പിൽ നിന്ന് 15,000 അടി ഉയരത്തിൽ, 80 കിലോമീറ്റർ നീളത്തിൽ ഈ റോഡ് ഇന്ത്യൻ ഗവണ്മെന്റ് പണിതുതീർത്തത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് വെള്ളിയാഴ്ച ഈ പാത ഉദ്ഘാടനം ചെയ്തത്. 

എന്നാൽ, ഈ റോഡ് ഇപ്പോൾ നേപ്പാളും ഇന്ത്യയും തമ്മിൽ ഒരു നയതന്ത്ര തർക്കത്തിനുള്ള വക നൽകിയിരിക്കുകയാണ്. നേപ്പാൾ ഗവൺമെന്റ് അവരുടെ വെബ്സൈറ്റിലൂടെയുള്ള ഒരു പ്രസ്താവനയിൽ " അതിർത്തി പ്രശ്നങ്ങൾ ചർച്ചയിലൂടെ തന്നെ പരിഹരിക്കപ്പെടും എന്ന രണ്ടു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ തമ്മിലുള്ള ധാരണയ്ക്ക് തുരങ്കം വെക്കുന്നതാണ് ഇന്ത്യൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ഏകപക്ഷീയമായ പ്രവൃത്തി." എന്ന് പറഞ്ഞിരിക്കുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു. 

 

 

ഇന്ത്യയും നേപ്പാളും തമ്മിൽ ഏറെക്കാലമായി തർക്കത്തിൽ ഇരിക്കുന്ന 'കാലാപാനി' എന്ന പ്രദേശത്തിനടുത്തുകൂടെയാണ് ഈ ലിപുലേഖ് ചുരം കടന്നുപോകുന്നത്. അക്ഷാംശം 30.214°, രേഖാംശം  80.984°.  ഉത്തരാഖണ്ഡിലെ പിതോറാഗഢ് ജില്ലയുടെ ഭാഗമെന്ന്  ഇന്ത്യയും, അല്ല, സുദുർപശ്ചിമിലെ ദാർച്ചുല ജില്ലയുടെ ഭാഗമെന്ന് നേപ്പാളും ഒരുപോലെ അവകാശപ്പെടുന്ന ഒരു വിവാദഭൂമി. ഇത് യഥാർത്ഥത്തിൽ മൂന്നു രാജ്യങ്ങളുടെ സംഗമഭൂമിയാണ്. ഇന്ത്യക്കും നേപ്പാളിനും പുറമെ തിബത്തിനും ഇവിടെ അതിർത്തിയുണ്ട്. 1962  മുതൽ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്റെ(ITBP) നിയന്ത്രണത്തിലാണ് ഈ അതിർത്തിപ്രദേശം. 

നേപ്പാളിന്റെ ഈ പ്രസ്താവനയോട് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ വക്താക്കൾ പ്രതികരിച്ചിട്ടുണ്ട്. " ഉത്തരാഖണ്ഡിലെ പിതോറാഗഡ്‌ ജില്ലയിലുള്ള പ്രസ്തുത ലിങ്ക് റോഡ്, പൂർണ്ണമായും ഇന്ത്യൻ മണ്ണിലൂടെ കടന്നു പോകുന്ന ഒന്നാണ്. ഇത് മുമ്പും കൈലാഷ്  മാനസസരോവർ തീർത്ഥയാത്രികർ ഉപയോഗിച്ചുകൊണ്ടിരുന്ന ഒന്നാണ്. പുതിയ പദ്ധതിപ്രകാരം അത് കൂടുതൽ യാത്രായോഗ്യമാക്കി മാറ്റി എന്നുമാത്രമേയുള്ളൂ. 2008 -ൽ നിർമാണം തുടങ്ങിയ റോഡ് ഇപ്പോഴാണ് പണിപൂർത്തിയാക്കി ഉദ്‌ഘാടനം കഴിഞ്ഞത്. പുതിയ പാത തീർത്ഥയാത്രികർക്കും, പ്രദേശവാസികൾക്കും, വ്യാപാരികൾക്കും ഏറെ ഗുണം ചെയ്യും എന്നുതന്നെയാണ് കരുതുന്നത്. അതിർത്തി തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുക എന്നതുതന്നെയാണ് ഇന്ത്യൻ ഗവൺമെന്റിന്റെ ഇന്നോളമുള്ള നയം. ഇനിയങ്ങോട്ടും അത് അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും..." എന്നായിരുന്നു മന്ത്രാലയത്തിന്റെ പ്രതികരണം. 

 

 

കാലാപാനിയുടെ കാര്യത്തിൽ ഇന്ത്യക്ക് നേപ്പാളിനേക്കാൾ ആശങ്ക ടിബറ്റിന്മേൽ നിയന്ത്രണം കൈവശം വെച്ചിരിക്കുന്ന ചൈനയെ ഓർത്താണ്.  ഈ പ്രദേശം വഴിക്കുള്ള  ചൈനീസ് അതിക്രമണത്തെ ഇന്ത്യ കരുതിയിരിക്കണം എന്ന അഭിപ്രായമാണ് വിദഗ്ധർ പ്രകടിപ്പിച്ചിട്ടുള്ളത്.  ഉത്തരാഖണ്ഡ് ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിൽ വളരെയധികം നുഴഞ്ഞുകയറ്റ ഭീഷണി നിലനിൽക്കുന്ന ഒരു അതിർത്തി സംസ്ഥാനമാണ്. ഐടിബിപി എന്ന അതിർത്തി സംരക്ഷണ സേനയാണ് ഇപ്പോൾ ഈ സീമ കാത്തുകൊണ്ടിരിക്കുന്നത്. നേപ്പാളുമായി 80.5 കിലോമീറ്ററും, ചൈനയുമായി 344 കിലോമീറ്ററുമാണ് ഉത്തരാഖണ്ഡിന്റെ അതിർത്തി.