ദില്ലി: ഇന്ത്യ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍ററിന്‍റെ ചൂണ്ടുപലക അജ്ഞാതര്‍ വികൃതമാക്കി. ദില്ലി ലോധി ഗാര്‍ഡന്‍സിലെ ചൂണ്ടുപലകയാണ് വികൃതമാക്കിയത്. ഹിന്ദുസേനയുടെ പേരിലുള്ള നോട്ടീസുകള്‍ ഒട്ടിച്ചാണ് ചൂണ്ടുപലക വികൃതമാക്കിയിട്ടുള്ളത്. 

ഭീകരവാദികളെന്നും, ഐഎസ് തീവ്രവാദികളെന്നും രേഖപ്പെടുത്തിയ നോട്ടീസുകളാണ് ചൂണ്ടുപലകയില്‍ ഹിന്ദു സേനയുടേതായി ഒട്ടിച്ചിട്ടുള്ളത്. സംഭവത്തില്‍ ദില്ലി പൊലീസ് എഫ്ഐആര്‍ എടുത്തു. തിരിച്ചറിയാത്ത ആളുകള്‍ക്കെതിരെയാണ് പരാതിയെടുത്തിട്ടുള്ളത്. ഞായറാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. അടുത്തിടെ ഫ്രാന്‍സിലുണ്ടായ അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് നടപടിയെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അതേസമയം സംഭവത്തിന്‍റെ ഉത്തരവാദിത്തം ഹിന്ദു സേന ഏറ്റെടുത്തതായാണ് റിപ്പോര്‍ട്ട്. ജിഹാദികള്‍ക്കെതിരായി എങ്ങനെ ശബ്ദിക്കാതിരിക്കുമെന്നാണ് ഹിന്ദു സേന പ്രസിഡന്‍റ് വിഷ്ണു ഗുപ്ത ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണിനെതിരായ പ്രതിഷേധങ്ങള്‍ രാജ്യത്തുണ്ടായതിലും ഹിന്ദു സേന എതിര്‍പ്പ് വിശദമാക്കുന്നു. ടൂണ്ടുപലക വികൃതമാക്കിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.