വംശനാശഭീഷണി നേരിടുന്ന മേഘപ്പുലിയുടെയും കുഞ്ഞുങ്ങളുടെയും അപൂർവ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിരമിച്ച IFS ഓഫീസർ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചത്.
ഡെറാഡൂൺ: ലോകത്തിലെ ഏറ്റവും നിഗൂഢമായ വന്യജീവികളിൽ ഒന്നായ മേഘപ്പുലിയുടെ (Clouded Leopard) അപൂർവ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വിരമിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) ഓഫീസർ സുശാന്ത നന്ദയാണ് അമ്മ മേഘപ്പുലിയുടെയും കുഞ്ഞുങ്ങളുടെയും വീഡിയോ പങ്കുവെച്ചത്. കാടിൻ്റെ ഐതിഹ്യം പോലെ അപൂർവമായ ഈ കാഴ്ച ഇപ്പോൾ ഇൻ്റർനെറ്റ് ലോകത്ത് ശ്രദ്ധേയമാവുകയാണ്.
വടക്കുകിഴക്കൻ ഇന്ത്യയിൽ വളരെ വിരളമായി മാത്രം കാണുന്ന മേഘപ്പുലികൾ വംശനാശഭീഷണി നേരിടുന്ന ജീവിവർഗ്ഗമാണ്. ലോകത്ത് ഏകദേശം 10,000 മേഘപ്പുലികൾ മാത്രമാണ് അവശേഷിക്കുന്നത്. "അപൂർവ്വം, വിസ്മയകരം, വംശനാശഭീഷണി നേരിടുന്നത്" എന്ന കുറിപ്പോടെയാണ് സുശാന്ത നന്ദ ഈ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ചത്. "പുരാതന മഴക്കാടുകളുടെ കാവൽക്കാരായ അമ്മയെയും കുഞ്ഞുങ്ങളെയും പകർത്തിയ ഈ നിമിഷം ഒരു മിത്തിനെ നേരിൽ കാണുന്നതിന് തുല്യമാണ്" എന്നും അദ്ദേഹം കുറിച്ചു.
പേര് മേഘപ്പുലി എന്നാണെങ്കിലും, ഇവ പുലികളുടെ വിഭാഗത്തിൽപ്പെടുന്നില്ല. ടൈഗർ, സിംഹം തുടങ്ങിയ വലിയ പൂച്ചകളോടാണ് ഇവയ്ക്ക് ജനിതകപരമായ ബന്ധം കൂടുതൽ. ശരീരവലിപ്പം ചെറുതാണെങ്കിലും, വന്യജീവികളിൽ വെച്ച് ഏറ്റവും നീളം കൂടിയ കോമ്പല്ലുകളാണ് മേഘപ്പുലികൾക്കുള്ളത്. ഇവയുടെ ചെറിയ കാലുകളും നീണ്ട വാലും മരത്തിൽ കയറാൻ സഹായിക്കുന്നു. വഴക്കമുള്ള കണങ്കാലുകളും വലിയ പാഡുള്ള പാദങ്ങളും ആണ് തലകീഴായി മരത്തിൽ നിന്ന് ഇറങ്ങാൻ ഇവയെ സഹായിക്കുന്നത്.
തെക്കുകിഴക്കൻ ഏഷ്യയിലെയും വടക്കുകിഴക്കൻ ഇന്ത്യയിലെയും ഇടതൂർന്ന വനങ്ങളിലാണ് മരത്തിൽ ജീവിക്കുന്ന ഇവയെ കൂടുതലായി കാണുന്നത്. മേഘങ്ങൾ പോലുള്ള പുള്ളികളുള്ള ഇവയുടെ ശരീരം വനത്തിലെ ഇലക്കൂട്ടങ്ങൾക്കിടയിൽ ഒളിഞ്ഞിരിക്കാൻ ഇവയെ സഹായിക്കുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചതോടെ നിരവധി പേരാണ് അത്ഭുതവും, സന്തോഷവും പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
