കശ്‌മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്നാണ് രാജ്യത്തിൻ്റെ നിലപാടെന്ന് വിദേശകാര്യ വക്താവ്
ദില്ലി: കശ്‌മീർ വിഷയത്തിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ. കശ്മീരിലെ ഏക വിഷയം പാക് അധീന കശ്മീർ ഇന്ത്യയ്ക്ക് കൈമാറുകയെന്നതാണ്. ഇന്ത്യയുടെ ശക്തി മനസ്സിലാക്കിയാണ് പാകിസ്ഥാൻ സൈനിക നീക്കം നിർത്തിയത്. ഇരു രാജ്യങ്ങളിലെയും സൈനിക ഡിജിഎംഒമാർ തമ്മിൽ മാത്രമാണ് ചർച്ച നടന്നത്. ഇന്ത്യയുടെ ഈ നയം പല ലോക നേതാക്കളും പാകിസ്ഥാനെ അറിയിച്ചിട്ടുണ്ടാവും. ആരും മധ്യസ്ഥ ചർച്ച നടത്തിയിട്ടില്ല. അമേരിക്ക നടത്തിയ സംഭാഷണത്തിൽ വ്യാപാരം ചർച്ചയായിട്ടില്ലെന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
ആരാണ് പഹൽഗാം ഭീകരാക്രമണം നടത്തിയ ടിആർഎഫ് എന്ന സംഘടനയെ നിയന്ത്രിച്ചതെന്നതിന് തെളിവുണ്ട്. ലഷ്കർ ഇ തൊയ്‌ബ തന്നെയാണ് ടിആർഎഫിനെ നിയന്ത്രിച്ചത്. സംഘർഷം തീർക്കാനുള്ള താത്പര്യം ആദ്യം അറിയിച്ചത് പാകിസ്ഥാനാണ്. അമേരിക്കയോ മറ്റേതെങ്കിലും രാജ്യമോ നടത്തിയ മധ്യസ്ഥ ചർച്ചയല്ല വെടിനിർത്തലിലേക്ക് എത്താൻ കാരണം. സൈനിക തലത്തിൽ നടത്തിയ ചർച്ച മാത്രമാണ് അതിലേക്ക് നയിച്ചത്. ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ മെയ് ഏഴ് മുതൽ വെടിനിർത്തൽ ധാരണയായ മെയ് പത്ത് വരെ ദിവസങ്ങളിൽ അമേരിക്കൻ പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. മെയ് 10-ന് രാവിലെ പാക് വ്യോമത്താവളങ്ങൾ പലതും തകർന്നതിനാലാണ് പാകിസ്ഥാൻ ഇങ്ങോട്ട് ചർച്ചയ്ക്ക് സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ടിആർഎഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് യുഎന്നിനോട് ആവശ്യപ്പെടുമെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു. രണ്ട് വർഷം മുൻപ് ടിആർഎഫിനെക്കുറിച്ച് യുഎന്നിന് മുൻപിൽ ഇന്ത്യ തെളിവ് നൽകിയതാണ്. ഇപ്പോൾ കൂടുതൽ തെളിവുകൾ കൈവശമുണ്ട്. അവയെല്ലാം സമഗ്രമായി കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
പാക് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തതും പാക് വ്യോമത്താവളങ്ങൾ ആക്രമിച്ച് തകർത്തതും നേരത്തേ അറിയിച്ചതാണ്. ഇനിയും പാകിസ്ഥാനിൽ ഭീകരകേന്ദ്രങ്ങൾ പ്രവർത്തിച്ചാൽ അതിനെതിരെ തിരിച്ചടിക്കും. ഒമ്പതാം തീയതി വലിയ ആക്രമണമാണ് ഇന്ത്യക്ക് എതിരെ പാകിസ്ഥാൻ അഴിച്ചുവിട്ടത്. അതിനെ സുശക്തമായി നേരിട്ട് അവരുടെ വ്യോമപ്രതിരോധ സംവിധാനത്തിന് കനത്ത നാശം സംഭവിച്ചപ്പോൾ പാകിസ്ഥാൻ ഇങ്ങോട്ട് വിളിക്കുകയായിരുന്നു.



