Asianet News MalayalamAsianet News Malayalam

യുകെയിൽ നിന്നുള്ള വിമാനസർവീസുകൾ വീണ്ടും തുടങ്ങുന്നു, നിയന്ത്രണങ്ങളോടെ മാത്രം

ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം കണ്ടെത്തിയ വൈറസ് ഇന്ത്യയിൽ നാല് പേരിൽക്കൂടി കണ്ടെത്തിയിരുന്നു. ഇതോടെ രാജ്യത്ത് പുതിയ വൈറസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 29 ആയി.

india uk flights suspended over mutant strain to resume from january 8
Author
New Delhi, First Published Jan 1, 2021, 8:47 PM IST

ദില്ലി: ജനിതകമാറ്റം വന്ന വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ നിർത്തിവച്ച യുകെയിൽ നിന്നുള്ള വിമാനസർവീസുകൾ വീണ്ടും തുടങ്ങുന്നു. ജനുവരി 8 മുതൽ നിയന്ത്രിതമായ രീതിയിൽ വീണ്ടും വിമാനസർവീസുകൾ തുടങ്ങുമെന്ന് കേന്ദ്രവ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. 

''ജനുവരി 8 2021 മുതൽ വിമാനങ്ങൾ ഇന്ത്യയിൽ നിന്ന് യുകെയിലേക്കും യുകെയിൽ നിന്ന് തിരികെയും സർവീസ് തുടങ്ങും. ജനുവരി 23 വരെ ആഴ്ചയിൽ 15 ഫ്ലൈറ്റുകൾ മാത്രമേ സർവീസ് നടത്തൂ. ദില്ലി, മുംബൈ, ബെംഗളുരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് മാത്രമേ സർവീസുകളുണ്ടാകൂ. കൃത്യമായി ഏതെല്ലാം വിമാനങ്ങൾ, എപ്പോഴെല്ലാം സർവീസ് നടത്തുമെന്ന വിവരം വ്യോമയാന അതോറിറ്റി പുറത്തുവിടും'', ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.

ഡിസംബർ 23-നാണ് കൊവിഡ് വൈറസിന്‍റെ പുതിയ വകഭേദം പടരുന്നത് കണ്ടെത്തിയ സാഹചര്യത്തിൽ യുകെയിലേക്കുള്ള വിമാനസർവീസുകൾ കേന്ദ്രസർക്കാർ നിർത്തിവച്ചത്. ഡിസംബർ 31 വരെയാണ് നിയന്ത്രണം ആദ്യം പ്രഖ്യാപിച്ചതെങ്കിലും പിന്നീടത് ജനുവരി 7 വരെ നീട്ടി. 

സെപ്റ്റംബറിലാണ് യുകെയിൽ വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തുന്നത്. ഇത് ആരോഗ്യവിദഗ്ധർ കൊവിഡ് വൈറസിന്‍റെ ജനിതകമാറ്റം വന്ന രൂപം തന്നെയാണെന്ന് സ്ഥിരീകരിക്കുന്നത് ഡിസംബറിലാണ്. ചെറിയ ജനിതകമാറ്റം ലോകത്തെ പലഭാഗങ്ങളിലും കൊവിഡിന് വരുന്നുണ്ടെങ്കിലും ഇത് കൂടുതൽ വ്യാപനശേഷിയുള്ളതാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. 

ഒരു യൂറോപ്യൻ യാത്ര കഴിഞ്ഞ് ദില്ലിയിൽ തിരികെയെത്തിയ ഒരു യാത്രക്കാരന് കഴിഞ്ഞയാഴ്ച രോഗം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച നാല് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്തിപ്പോൾ പുതിയ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 29 ആയി. ദില്ലി, ഹൈദരാബാദ്, ബെംഗളുരു എന്നീ നഗരങ്ങളിലായി ഇവരെല്ലാം പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സയിൽ കഴിയുകയാണ്.

Follow Us:
Download App:
  • android
  • ios