ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ചർച്ചകൾ ക്രിയാത്മകമായി പുരോഗമിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.  

ദില്ലി : ഇന്ത്യ-അമേരിക്ക വ്യാപാര കരാറിലെ ചർച്ചകൾ ക്രിയാത്മകമാണെന്ന് വിദേശകാര്യമന്ത്രാലയം. രണ്ട് രാജ്യങ്ങൾക്കും ഇടയിൽ വൈകാതെ ധാരണയുണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യാപാര രംഗത്ത് അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് മേൽ ഇന്ത്യ വലിയ തോതിൽ ഇറക്കുമതി തീരുവ ചുമത്തി വർഷങ്ങളായി യുഎസിനെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചില്ല. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ 100 മുതൽ 200 ശതമാനം വരെ വലിയ തോതിൽ തീരുവ ചുമത്തുമ്പോൾ തങ്ങൾ ഇന്ത്യയിൽ നിന്ന് ഒന്നും ഈടാക്കിയിരുന്നില്ലെന്നായിരുന്നു ട്രംപ് കുറ്റപ്പെടുത്തിയത്.

ഇന്ത്യ-അമേരിക്ക വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഏതാനും ആഴ്ചകൾക്കുള്ളിൽ യാഥാർത്ഥ്യമാകുമെന്നും യുഎസ് അംബാസഡർ സെർജിയോ ഗോർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 99 ശതമാനം വിഷയങ്ങളിലും ധാരണയായെന്നും

ബാക്കിയുള്ള ഒരു ശതമാനം വിഷയങ്ങളിലെ തർക്കം പെട്ടെന്ന് തീർക്കാനാണ് ചർച്ചകൾ തുടരുന്നതെന്നും ഏതാനും ആഴ്ചകളിൽ ഇത് പരിഹരിക്കാനാകുമെന്നാണ് കരുതുന്നതെന്നും സെർജിയോ ഗോർ വ്യക്തമാക്കുന്നു. കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങൾക്കും ഇത് വലിയ നേട്ടമാകുമെന്നാണ് യുഎസ് അവകാശവാദം.