ഝാൻസി റെയിൽവേ സ്റ്റേഷനിൽ, പട്ടാള ഡോക്ടറായ മേജർ രോഹിത്ത് പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് ഒരു യുവതിക്ക് സുരക്ഷിത പ്രസവം നടത്തി.
ഝാൻസി: കുടുംബത്തെ കാണാനുള്ള യാത്രയിലായിരുന്നു രോഹിത്. ഇന്ത്യൻ ആർമിയിലെ ഡോക്ടറാണ് അദ്ദേഹം. അവസരത്തിനൊത്ത് ഉയര്‍ന്നുള്ള ഇടപെടലിന് സോഷ്യൽ മീഡിയയിലാകെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ് അദ്ദേഹമിപ്പോൾ. ഝാൻസി റെയിൽവേ സ്റ്റേഷനിലെ ഒരു മേൽപാലമാണ് സ്ഥലം. അവിടം കുറച്ചുനേരത്തേക്കെങ്കിലും ഒരു താൽക്കാലിക പ്രസവ മുറിയായി മാറി. ഒരു പോക്കറ്റ് കത്തിയും ഹെയർ ക്ലിപ്പുകളും ഒരു ധോത്തിയും മാത്രം ഉപയോഗിച്ച്, റെയിൽവേ വനിതാ ജീവനക്കാരുടെ സഹായത്തോടെ അദ്ദേഹം ഒരു പെൺകുഞ്ഞിനെ സുരക്ഷിതമായി ഈ ലോകത്തേക്ക് എത്തിച്ചു.
ശനിയാഴ്ച വീരാംഗന ലക്ഷ്മിബായി ഝാൻസി റെയിൽവേ സ്റ്റേഷനിലാണ് ഈ മനോഹര നിമിഷം അരങ്ങേറിയത്. പൻവേൽ-ഗോരഖ്പൂർ എക്സ്പ്രസ്സിൽ ഭർത്താവിനും കുഞ്ഞിനുമൊപ്പം യാത്ര ചെയ്യുകയായിരുന്ന ഒരു യുവതിക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഭർത്താവ് ഉടൻതന്നെ 'റെയിൽ മഡഡ്' ആപ്പിൽ സഹായം അഭ്യർത്ഥിച്ച് സന്ദേശം നൽകി. ലഭ്യമായ സൗകര്യങ്ങൾ പരിമിതമായിരുന്നിട്ടും, മേജർ രോഹിത് എന്ന ഈ ആർമി ഡോക്ടർ ഒരു പോക്കറ്റ് കത്തിയും ഹെയർ ക്ലിപ്പുകളും ഉപയോഗിച്ച് പ്രസവമെടുക്കുകയായിരുന്നു.
ചുറ്റും നിന്നിരുന്ന റെയിൽവേ വനിതാ ജീവനക്കാർ പ്രസവം നടക്കുന്ന സ്ഥലം മറച്ചുപിടിക്കുകയും സുരക്ഷക്കായി കയ്യുറകൾ നൽകുകയും ചെയ്തു. "മിനിമം സൗകര്യങ്ങൾ മാത്രം ഉപയോഗിച്ച് മേജർ രോഹിത് വിജയകരമായി പ്രസവമെടുക്കുകയും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ നിർണായക സഹായം നൽകുകയും ചെയ്തു. അദ്ദേഹത്തിൻ്റെ സമയബന്ധിതമായ ഇടപെടൽ കാരണം അമ്മയും നവജാത ശിശുവും സുരക്ഷിതരായി ഇരിക്കുന്നതായും' ആർമി ഉദ്യോഗസ്ഥർ അറിയിച്ചു.
വിവരം ലഭിച്ചയുടൻ, ഝാൻസി കൺട്രോൾ റൂം വൈദ്യസഹായത്തിനുള്ള ഒരു സംഘത്തെ സജ്ജമാക്കി. ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ, റെയിൽവേ മെഡിക്കൽ ടീമും ടിക്കറ്റ് പരിശോധനാ ജീവനക്കാരും യാത്രക്കാരിക്ക് ഉടനടി സഹായം നൽകി. സ്റ്റേഷനിലെ വനിതാ റെയിൽവേ ജീവനക്കാരായ ലിലി കുശ്‌വാഹ, രാഖി കുശ്‌വാഹ, ജ്യോതിക സാഹു, കവിതാ അഗർവാൾ എന്നിവരും ആർമി ഡോക്ടർക്കും മെഡിക്കൽ ടീമിനും നിർണായക പിന്തുണ നൽകിയെന്നും നോർത്ത് സെൻട്രൽ റെയിൽവേയുടെ ഝാൻസി ഡിവിഷൻ പ്രസ്താവനയിൽ അറിയിച്ചു.
വാർത്ത സാമൂഹിക മാധ്യമങ്ങളിൽ എത്തിയതോടെ, യുവതിക്ക് സുരക്ഷിതമായ പ്രസവത്തിന് സഹായമേകിയ കൂട്ടായ ശ്രമങ്ങളെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. തിരക്കേറിയ സ്റ്റേഷനിൽ, സ്നേഹവും ധൈര്യവും ഒരു പുതിയ ജീവനെ സുരക്ഷിതമായി ഈ ലോകത്തേക്ക് കൊണ്ടുവന്ന ഒരു അപൂർവ നിമിഷത്തിനായിരുന്നു ഝാൻസി സാക്ഷ്യം വഹിച്ചത്.
