ഗോഹാട്ടി: ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് അനധികൃത കുടിയേറ്റക്കാരനെന്ന കാരണത്താൽ ജയിലിൽ അടക്കപ്പെട്ട കരസേന മുൻ ഓണററി ലെഫ്റ്റനന്റ് മുഹമ്മദ് സനോല്ലയ്ക്ക് വേണ്ടി ഇന്ത്യൻ ആ‍ർമി രംഗത്തിറങ്ങുന്നു. മുഹമ്മദ് സനോല്ലയ്ക്കും കുടുംബത്തിനും വേണ്ട എല്ലാ നിയമസഹായങ്ങളും തങ്ങൾ നൽകുമെന്ന് ഇന്ത്യൻ ആ‍ർമി വ്യക്തമാക്കി.

ഗോഹാട്ടി നാരംഗി ഏരിയയിലെ ഇന്ത്യൻ കരസേന വിഭാഗമാണ് മുഹമ്മദ് സനോല്ലയുടെ നിയമയുദ്ധത്തിന് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത്. കാ‍ർഗിൽ യുദ്ധത്തിൽ പങ്കെടുക്കുകയും നീണ്ട 30 വർഷത്തോളം രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി പ്രയത്നിക്കുകയും ചെയ്ത മുഹമ്മദ് സനോല്ല ഇപ്പോൾ തടവിൽ കഴിയുകയാണ്.

നിയമപോരാട്ടമായതിനാൽ ഇന്ത്യൻ ആർമിക്ക് നേരിട്ട് രംഗത്തിറങ്ങാൻ സാധിക്കില്ല. പക്ഷെ തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും നൽകുമെന്ന് മുതി‍ർന്ന സൈനിക ഉദ്യോഗസ്ഥർ സനോല്ലയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് നേരിട്ട് പറ‌ഞ്ഞു. ഗോഹാട്ടിയിൽ പ്രവർത്തിക്കുന്ന പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ പി കോങ്സായിയാണ് ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചിരിക്കുന്നത്.

ഫോറിനേർസ് ട്രൈബ്യൂണൽ വിദേശിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മുഹമ്മദ് സനോല്ലയെ അറസ്റ്റ് ചെയ്തത്. സൈന്യത്തിൽ നിന്ന് വിരമിച്ച ഇദ്ദേഹം ബോർഡർ പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി ജോലി ചെയ്ത് വരികയായിരുന്നു. 52 വയസാണ്. ആസാമിൽ ഇദ്ദേഹത്തെ പോലെ ആറോളം മുൻ സൈനികർക്ക് ഫോറിനേർസ് ട്രൈബ്യൂണൽ നോട്ടീസ് നൽകിയതായാണ് വിവരം. ട്രൈബ്യൂണലിൽ അഞ്ച് തവണ വാദപ്രതിവാദത്തിന് സനോല്ല ഹാജരായിരുന്നു.

മുപ്പത് വർഷം രാജ്യത്തെ സേവിച്ച ശേഷമാണ് സനോല്ലയെ അനധികൃത കുടിയേറ്റക്കാരനാണെന്ന കാരണത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. 1987 ൽ 20ാം വയസിലാണ് ഇദ്ദേഹം സൈന്യത്തിൽ ചേർന്നത്. 2017 ൽ വിരമിച്ച ശേഷം ആസാം ബോർഡർ പൊലീസിൽ അംഗമായി. 2019 ൽ അനധികൃത കുടിയേറ്റക്കാരനാണെന്ന കാരണത്തിൽ അറസ്റ്റിലുമായി.

രാജ്യത്ത് താമസിക്കുന്ന എല്ലാ അനധികൃത കുടിയേറ്റക്കാരെയും പൗരത്വ പട്ടികയിൽ നിന്ന് പുറത്താക്കി പുതുക്കിയ പട്ടിക ജൂലൈയ്ക്ക് മുൻപ് സമർപ്പിക്കണം എന്നാണ് സുപ്രീം കോടതി വിധി. ആസാമിൽ മാത്രം 1,25,333 പേരുടെ പൗരത്വത്തിൽ സംശയമുണ്ടെന്ന് മന്ത്രി ചന്ദ്ര മോഹൻ പതോവരി നിയമസഭയെ അറിയിച്ചിരുന്നു.

 കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികനെ അനധികൃത കുടിയേറ്റക്കാരനാണെന്ന കാരണത്താൽ അറസ്റ്റ് ചെയ്തു. ആസാമിലാണ് സംഭവം. മുഹമ്മദ് സനോല്ല എന്ന റിട്ടയേർഡ് ഓണററി ലഫ്റ്റനന്റിനെയാണ് ആസാം ബോർഡർ പൊലീസ് ഓർഗനൈസേഷൻ അറസ്റ്റ് ചെയ്തത്. തന്നെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇദ്ദേഹം ഗോഹാട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി കോടതിയുടെ പരിഗണനയിലാണ്.