നേവർക്ക് ലിബർട്ടി വിമാനത്താവളത്തിൽ വെച്ച് യുവാവിനെ നിലത്തിട്ട് കൈകൾ പിന്നിൽ ബന്ധിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു
ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യൻ യുവാവിന് പൊലീസിൽ നിന്ന് ക്രൂര പീഡനം നേരിട്ടെന്ന ആരോപണത്തിൽ പ്രതികരിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് രംഗത്തെത്തി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നാണ് ഇന്ത്യൻ കോൺസുലേറ്റ് പ്രതികരിച്ചത്. നേവർക്ക് ലിബർട്ടി വിമാനത്താവളത്തിനുള്ളിൽ ഒരു ഇന്ത്യൻ യുവാവിനെ നിലത്തിട്ട് കൈകൾ പിന്നിൽ ബന്ധിക്കുന്ന എയർപോർട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്. സംഭവം നേരിൽ കണ്ട സംരംഭകൻ കുനാൽ ജെയിനാണ് എക്‌സിൽ ദൃശ്യം പങ്കുവച്ചത്.
"നേവർക്ക് വിമാനത്താവളത്തിൽ നാടുകടത്താൻ എത്തിച്ച ചെറുപ്പക്കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ കണ്ടു. അയാളെ അവർ ക്രിമിനലിനെപ്പോലെ വിലങ്ങണിയിച്ചിരുന്നു. കരയുകയായിരുന്നു. നിസ്സഹായനായിരുന്നു ഞാൻ. ഒരു എൻ ആർ ഐ എന്ന നിലയിൽ എന്റെ ഹൃദയം തകർന്നു പോയി' - ഇങ്ങനെയായിരുന്നു കുനാൽ ജെയിൻ കുറിച്ചത്. സംഭവത്തിന് അൻപതോളം പേർ ദൃക്‌സാക്ഷികളായിരുന്നെന്നും യുവാവ് സംസാരിച്ച ഹരിയാൻവി ഭാഷ മനസിലാക്കാൻ ആർക്കും കഴിഞ്ഞില്ലെന്നും കുനാൽ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞ കോൺസുലേറ്റ് കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.


