സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തുകയായിരുന്ന അഞ്ച് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവികസേന അറസ്റ്റ് ചെയ്തു

കന്യാകുമാരി: സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തുകയായിരുന്ന അഞ്ച് ശ്രീലങ്കൻ മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ നാവികസേന അറസ്റ്റ് ചെയ്തു. കന്യാകുമാരിയിൽ നിന്ന് 50 നോട്ടിക്കൽ മൈൽ ദൂരം വരെ അടുത്തെത്തി മീൻപിടിക്കുകയായിരുന്ന ഇവരെ നാവികസേനയുടെ പട്രോളിംഗിനിടെ പിടികൂടുകയായിരുന്നു. ഇവരുടെ ബോട്ടും നേവി പിടിച്ചെടുത്തു.

മാർക്‌സ് ജൂഡ് മാസ്റ്റർ, ആന്റണി ഹേമ നിശാന്തൻ, ഇമ്മാനുവൽ നിക്‌സൺ, ധ്രുവന്ദ ശ്രീലാൽ, സുദേഷ് ഷിയാൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ തൂത്തുക്കുടി തുറമുഖത്ത് എത്തിച്ച് തമിഴ്നാട് കോസ്റ്റൽ പൊലീസിന് കൈമാറി. സമുദ്രാതിർത്തി ലംഘിച്ച് ഇത്രയും അടുത്ത് എത്തിയതിന് മത്സ്യബന്ധനം അല്ലാതെ മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ദാരുവൈക്കുളം കോസ്റ്റൽ പൊലീസ് കേസെടുത്തു, അറസ്റ്റിലായ അഞ്ച് പേരെയും രാമേശ്വരം കോടതിയിൽ ഹാജരാക്കും.

Scroll to load tweet…

Read more:  വീട്ടിൽ കയറി മൂന്നുവയസുകാരനെ കടിച്ചു, കുട്ടിയെ വാക്സിൻ എടുക്കാൻ പോയതിന് പിന്നാലെ അതേ നായ മുത്തശ്ശനെയും കടിച്ചു

അതേസമയം കഴിഞ്ഞ ദിവസം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ നാവികസേന ആക്രമണം നടത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പുതുച്ചേരി കാരയ്ക്കൽ ഹാർബറിൽ നിന്ന് വ്യാഴാഴ്ച രാത്രി മീൻ പിടിക്കാൻ പോയവരാണ് ആക്രമണത്തിന് ഇരയായത്. സമുദ്രാതിർത്തി ലംഘിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ നാലുപേരുമായി ബോട്ട് ഇന്നാണ് മടങ്ങിയെത്തിയത്.

വ്യാഴാഴ്ച രാത്രി കാരയ്ക്കലിൽ നിന്നും പുറപ്പെട്ട ഏഴ് മത്സ്യത്തൊഴിലാളികളാണ് ശ്രീലങ്കൻ സേനയുടെ ആക്രമണത്തിന് ഇരയായത്. 43 നോട്ടിക്കൽ മൈൽ ദൂരത്ത് കൊടിയക്കരി ഭാഗത്ത് വല വിരിച്ച ശേഷം വിശ്രമിക്കുമ്പോൾ പുലർച്ചെയോടെ ആയിരുന്നു ആക്രമണം. നാല് ബോട്ടുകളിലായെത്തി മത്സ്യബന്ധനയാനം വളഞ്ഞ ശ്രീലങ്കൻ സൈന്യം തടഞ്ഞുവച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് തൊഴിലാളികൾ പറയുന്നു.

വലയുടെ കയറുകൾ സൈന്യം മുറിച്ചുകളഞ്ഞു. സമുദ്രാതിർത്തി ലംഘിച്ചു എന്നാരോപിച്ചായിരുന്നു അതിക്രമം. എന്നാൽ തങ്ങൾ കാലങ്ങളായി മീൻ പിടിക്കുന്ന, അതിന് അനുമതിയുള്ള ഭാഗത്താണ് വലയിട്ടതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ബോട്ടിലെ വാക്കി ടോക്കി, ജിപിഎസ് ഉപകരണങ്ങൾ സൈന്യം നശിപ്പിച്ചു. അതുകൊണ്ട് ഇന്ന് മടങ്ങി തീരത്തെത്തിയതിന് ശേഷം മാത്രമാണ് വിവരം പുറം ലോകമറിഞ്ഞത്. പരിക്കേറ്റ ധനശീലൻ, അയ്യപ്പൻ, സതീഷ് എന്നിവർ കാരയ്ക്കൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. തൊഴിലാളികളുടെ ബന്ധുക്കൾ കാരയ്ക്കൽ ഫിഷറീസ് വകുപ്പിനും ജില്ലാ കളക്ടർക്കും പരാതി നൽകിയിരുന്നു.