9 ജില്ലാ പ്രസിഡന്റുമാര്‍, 5 വൈസ് പ്രസിഡന്റുമാര്‍, 14 ജനസെക്രട്ടറിമാര്, 32 സെക്രട്ടറിമാര്‍ എന്നിവരെയാണ് ഒരറിയിപ്പുണ്ടാകും വരെ പുറത്ത് നിര്‍ത്തിയിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കാത്ത എംപിമാരോടും കോൺഗ്രസ് നേതൃത്വം ഉടൻ വിശദീകരണം തേടിയേക്കും.
ദില്ലി: രാംലീല റാലിയില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ മധ്യപ്രദേശിലെ 60 യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്ഷന്. വിട്ടുനിന്നതിന് കാരണം പോലും ചോദിക്കാതെയാണ് നടപടി. ഗ്യാനേഷ് കുമാറിനെ പരസ്യ വിചാരണ ചെയ്ത ചടങ്ങില്‍ പങ്കെടുക്കാത്ത എംപിമാരോടും കോണ്‍ഗ്രസ് വിശദീകരണം തേടിയേക്കും.
രാംലീല പ്രതിഷേധത്തില്‍ പത്ത് ലക്ഷം പേര് പങ്കെടുക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ അവകാശവാദം. എന്നാല്‍ അണികളുടെ കുറവിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ബിജെപി ട്രോളാക്കിയതോടെയാണ് അണികളുടെ ചോര്‍ച്ചയെ കുറിച്ച് കോണ്‍ഗ്രസ് അന്വേഷണവും നടപടിയും തുടങ്ങിയത്. സിപിഎം ആര്‍ജെഡി, സമാജ് വാദി തുടങ്ങിയ പാര്‍ട്ടികളുടെ അണികളും കൊടികളും രാംലീല മൈതാനത്തിന്റെ മുന്‍ നിര കൈവശപ്പെടുത്തിയതും കോണ്‍ഗ്രസിന് ക്ഷീണമായി. ജെന്‍സികളെ കൂടി ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് സ്വന്തം പാര്‍ട്ടിയിലെ ജെന്‍സി പ്രാതിനിധ്യം ഉറപ്പാക്കാന്‍ കഴിയാതെ പോയതും പ്രഹരമായി. വലിയ ചോര്‍ച്ച കണ്ടെത്തിയ സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിലാണ് മുഖം നോക്കാതെയുള്ള നടപടിയെടുത്തത്. 9 ജില്ലാ പ്രസിഡന്റുമാര്‍, 5 വൈസ് പ്രസിഡന്റുമാര്‍, 14 ജനസെക്രട്ടറിമാര്, 32 സെക്രട്ടറിമാര്‍ എന്നിവരെയാണ് ഒരറിയിപ്പുണ്ടാകും വരെ പുറത്ത് നിര്‍ത്തിയിരിക്കുന്നത്. പനി, കുഞ്ഞിന്റെ പിറന്നാള്‍, രക്ഷിതാക്കളുടെ അനാരോഗ്യം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് നോക്കിയെങ്കിലും കേള്‍ക്കാന്‍ പോലും കൂട്ടാക്കാതെ കടുത്ത അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി നടപടിയെടുത്തിരിക്കുകയാണ്. മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ സംഘടിപ്പിച്ച ഗ്യാനേഷ് കുമാറിനെതിരായ വിചാരണയില്‍ സ്വന്തം എംപിമാരുടെ പൂര്‍ണ്ണ ഹാജര്‍ ഉറപ്പാക്കാന്‍ കഴിയാതെ പോയതും ക്ഷീണമായി.
കേരളത്തില്‍ നിന്നുള്ള ചില എംപിമാരും പങ്കെടുക്കാത്തവരുടെ പട്ടികയിലുണ്ട്. മഴ മൂലം പരിപാടി ആദ്യ ദിവസം മാറ്റി വച്ചതോടെ പല സംസ്ഥാനങ്ങളിലെയും എംപിമാര്‍ തിരികെ പോയിരുന്നു. എന്നാല്‍ പിറ്റേന്ന് പരിപാടി നടത്തുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വിട്ടു നിന്നതിനോട് മറ്റ് സഖ്യകക്ഷി നേതാക്കള്‍ നീരസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എഐസിസിസി നേതൃത്വം ആസൂത്രണത്തില്‍ മുന്‍ നിരയിലുണ്ടായിരിക്കേ നേതാക്കളുടെയും അണികളുടെയും പൂര്‍ണ്ണ സാന്നിധ്യം ഉറപ്പാക്കാന്‍ കഴിയാതെ പോയത് സംഘാടനത്തിലെ വീഴ്ചയായി. പല സംസ്ഥാന ഘടകങ്ങള്‍ക്കും നിശ്ചിത എണ്ണം ആളുകളെ എത്തിക്കാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. വീഴ്ച വരുത്തിയവരുടെയും, വരാതിരുന്നവരുടെയും പട്ടികയെടുത്ത് തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് നേതൃത്വം നല്‍കുന്നത്.





