ഓടുന്ന ട്രെയിനിൽ നിന്ന് മാലിന്യം ട്രാക്കിലേക്ക് വലിച്ചെറിഞ്ഞതിന് റെയിൽവേ കോച്ച് അറ്റൻഡന്‍റിനെ പിരിച്ചുവിട്ടു. സീൽഡാ-അജ്മീർ എക്സ്പ്രസിലെ കരാർ ജീവനക്കാരനായ സഞ്ജയ് സിംഗിനെതിരെ യാത്രക്കാരൻ പകർത്തിയ വീഡിയോ വൈറലായതോടെയാണ് റെയിൽവേ നടപടിയെടുത്തത്
ദില്ലി: ഓടുന്ന ട്രെയിനിൽ നിന്ന് മാലിന്യക്കൂട ട്രാക്കിലേക്ക് വലിച്ചെറിഞ്ഞതിന്‍റെ വീഡിയോ വൈറലായതോടെ ഇന്ത്യൻ റെയിൽവേയിലെ കോച്ച് അറ്റൻഡന്‍റിന്‍റെ പണി പോയി. റെയിൽവേയിലെ വൃത്തി - മാലിന്യ നിർമാർജന രീതികളെക്കുറിച്ച് വലിയ ചർച്ചയ്ക്കാണ് വീഡിയോ വഴിവച്ചത്. സീൽഡാ-അജ്മീർ എക്സ്പ്രസ് (12987) ട്രെയിനിനകത്തായിരുന്നു സംഭവം. ഇൻസ്റ്റാഗ്രാമിൽ അഭിഷേക് സിംഗ് പാർമർ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായത്. കാൺപൂരിൽ നിന്ന് ജയ്പൂരിലേക്ക് യാത്ര ചെയ്തിരുന്ന സിംഗ്, അറ്റൻഡന്റിനെ തടയാൻ ശ്രമിച്ചെങ്കിലും, "ഇത് വീട്ടിലേക്ക് കൊണ്ടുപോകണോ?" എന്ന് മറുപടി പറഞ്ഞ് അദ്ദേഹം വീണ്ടും മാലിന്യം വലിച്ചെറിഞ്ഞു. അറ്റൻഡന്റ് സഞ്ജയ് സിംഗായിരുന്നു ഇങ്ങനെ ചെയ്തതെന്ന് വീഡിയോയിൽ നിന്ന് തിരിച്ചറിഞ്ഞു. വീഡിയോ വൈറലായതോടെ അറ്റന്‍ഡന്‍റിനെതിരെ നടപടിയെടുത്തതായി റെയിൽവേ അറിയിച്ചു. കരാർ ജീവനക്കാരനായ സഞ്ജയ് സിംഗിനെ ഉടൻ പിരിച്ചുവിട്ടെന്നാണ് റെയിൽവേ അറിയിച്ചത്.
വിശദവിവരങ്ങൾ
നവംബർ 4 ന് സീൽഡാ - അജ്മീർ എക്സ്പ്രസ് (12987) ട്രെയിനിലാണ് സംഭവം നടന്നത്. അഭിഷേക് സിംഗ് പാർമറെന്നയാളാണ് റെയിൽവേ ജീവനക്കാരൻ തന്നെ മാലിന്യം വലിച്ചെറിയുന്നതിന്‍റെ വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. കാൺപൂരിൽ നിന്ന് ജയ്പൂരിലേക്ക് യാത്ര ചെയ്തിരുന്ന സിംഗ്, അറ്റൻഡന്റിനെ തടയാൻ ശ്രമിച്ചെങ്കിലും, "ഇത് വീട്ടിലേക്ക് കൊണ്ടുപോകണോ?" എന്ന് മറുപടി പറഞ്ഞ് അദ്ദേഹം വീണ്ടും മാലിന്യം വലിച്ചെറിയുകയായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ പിന്നാലെ റെയിൽവേ അധികൃതർ നടപടി സ്വീകരിക്കുകയായിരുന്നു.
നടപടി അറിയിപ്പ്
'ട്രെയിൻ നമ്പർ 12987 ൽ ട്രാക്കിലേക്ക് മാലിന്യം വലിച്ചെറിഞ്ഞത് സംബന്ധിച്ച പരാതി ഗൗരവമായി പരിശോധിച്ചെന്നും കരാർ ജീവനക്കാരനായ സഞ്ജയ് സിംഗിനെ ഉടൻ പിരിച്ചുവിട്ടെന്നുമാണ് ഉത്തരമേഖലാ റെയിൽവേ അറിയിച്ചത്. ഓൺബോർഡ് ഹൗസ് കീപ്പിങ് സർവീസ് (ഒ ബി എച്ച് എസ്) കരാറുകാരനാണ് സഞ്ജയ് സിംഗെന്നും കർശന ശിക്ഷ വിധിച്ചെന്നും റെയിൽവേ വ്യക്തമാക്കി. യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിന് ഖേദം പ്രകടിപ്പിച്ചുകൊണ്ട്, സർവീസ് ഗുണനിലവാരം ഉയർത്താനുള്ള നിരന്തര പരിശ്രമങ്ങൾ തുടരുമെന്ന് റെയിൽവേ വ്യക്തമാക്കി.


