കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 30 ലക്ഷത്തിലേറെ വിദ്യാർത്ഥികൾ വിദേശ പഠനത്തിനായി ഇന്ത്യ വിട്ടു

ദില്ലി: കഴിഞ്ഞ വർഷം രാജ്യത്ത് നിന്ന് ഏഴര ലക്ഷത്തിലേറെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് വിദേശത്തേക്ക് പോയെന്ന് കേന്ദ്രസർക്കാരിൻ്റെ കണക്ക്. അഞ്ച് വർഷത്തിനിടെ 30 ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് വിദേശത്തേക്ക് പോയത്. ലോക്സഭയിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുകാന്ത മജുംദാറാണ് പിസി മോഹൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകിയത്. ബ്യൂറോ ഓഫ് ഇമിഗ്രേഷൻ കണക്ക് പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം കേന്ദ്ര സഹമന്ത്രി വെളിപ്പെടുത്തിയത്. അതേസമയം 2023 നെ അപേക്ഷിച്ച് 2024 ൽ വിദേശത്തേക്ക് പോയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടായി. എങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ വർധനവാണ് 2024 ൽ ഉണ്ടായതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്ത് നിന്ന് വിദേശത്തേക്ക് പോയ വിദ്യാർത്ഥികളുടെ കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കാണ് കേന്ദ്രസർക്കാർ പുറത്തുവിട്ടത്. 2020ൽ 2.6 ലക്ഷം, 2021 ൽ 4.45 ലക്ഷം 2022 ൽ 7.52 ലക്ഷം, 2023 ൽ 8.9 ലക്ഷവുമാണ് വിദേശത്തേക്ക് പഠനം ലക്ഷ്യമിട്ട് പോയ വിദ്യാർത്ഥികളുടെ എണ്ണം. 2024 ൽ 7.6 ലക്ഷം വിദ്യാർത്ഥികളാണ് വിദേശത്തേക്ക് പോയത്. അതായത്, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിദേശത്തേക്ക് പോയതിൽ രണ്ടാമതാണ് 2024 ലെ എണ്ണം.

വിദേശത്തേക്ക് പോകുന്ന വിദ്യാർത്ഥികൾക്കായി എല്ലാ സഹായവും കേന്ദ്രസർക്കാർ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വിസ നടപടികൾക്ക് പിന്തുണ, അക്കാദമിക് അംഗീകാരം ഉറപ്പാക്കുന്നു, മറ്റ് രാജ്യങ്ങളുമായി വിദ്യാഭ്യാസ വിഷയത്തിൽ ഉഭയകക്ഷി കരാറുകളിൽ ഒപ്പിടുന്നതും മന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യൻ വിദ്യാർത്ഥികളുടെ വിദേശത്തേക്കുള്ള യാത്ര സുഗമമാക്കാൻ മൈഗ്രേഷൻ, മൊബിലിറ്റി പങ്കാളിത്ത കരാറുകളിലും ഒപ്പുവച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദേശത്ത് ഇന്ത്യൻ വിദ്യാർത്ഥികൾ നേരിടുന്ന വെല്ലുവിളി മറികടക്കാൻ, ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും മുഖേന ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾ ഉൾപ്പെടെ ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ ചെലവുകൾ വഹിക്കാൻ ഈ തുക ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു. വിദേശത്ത് സ്ഥിരമായി താമസിക്കാൻ തീരുമാനിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും ആവശ്യമായ സഹായം നയതന്ത്ര സംവിധാനങ്ങൾ വഴി നൽകുന്നുണ്ട്. വിദ്യാഭ്യാസം, ജോലി എന്നിവയിൽ മെച്ചപ്പെട്ട വളർച്ചയ്ക്കായി വിദേശ വിദ്യാഭ്യാസത്തെ ഇന്ത്യൻ വിദ്യാർത്ഥികൾ പരിഗണിക്കുന്നുവെന്നും കേന്ദ്ര സഹമന്ത്രി ചൂണ്ടിക്കാട്ടി.

YouTube video player