ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗതയേറിയതും കൃത്യതയുള്ളതുമായ ക്രൂയിസ് മിസൈലുകളിൽ ഒന്നായാണ് വിലയിരുത്തുന്നത്

ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള സംഘർഷം വർധിച്ചുവരികയാണ്. പാകിസ്ഥാൻ ആണവ ഭീഷണിയടക്കം ഉയർത്തിയ സാഹചര്യത്തിൽ ഇന്ത്യയും കരുതലോടെയാണ് മുന്നോട്ട് നീങ്ങുന്നത്. പാകിസ്ഥാനിലെ ഏത് സ്ഥലവും തവിടുപൊടിയാക്കാൻ ഇന്ത്യക്ക് ബ്രഹ്മോസ് മിസൈൽ മതിയാകുമെന്നതാണ് യാഥാർത്ഥ്യം. ബംഗാൾ ഉൾക്കടലിൽ വിജയകരമായി പരീക്ഷിച്ച ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ അതാണ് വ്യക്തമാക്കുന്നത്. ബ്രഹ്മോസിന് 800 കിലോമീറ്റർ പരിധി ഉറപ്പിച്ചതായി ചൊവ്വാഴ്ച സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ബ്രഹ്മോസ് ഒന്ന് തൊടുത്താൽ പാകിസ്ഥാനിലെ ഏത് സ്ഥലത്തെയും തവിടുപൊടിയാക്കാൻ സാധിക്കുമെന്ന് സാരം. ഏപ്രിൽ 22 ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് മുമ്പ് നടന്ന ബ്രഹ്മോസിന്‍റെ ദൂരപരിധി സംബന്ധിച്ച പരീക്ഷണത്തിന്‍റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇന്ത്യയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും അതിർത്തി കടന്നുള്ള ഭീഷണികളെ ശക്തമായി നേരിടാനും ബ്രഹ്മോസിന് സാധിക്കുമെന്നാണ് വ്യക്തമാകുന്നത്. അതിർത്തിയിൽ വർദ്ധിച്ചുവരുന്ന സംഘർഷ സാധ്യതക്കിടയിൽ സൈനിക മേധാവിത്വം നിലനിർത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതിനായി മിസൈലിന്റെ സ്റ്റെൽത്ത്, കൃത്യതയുള്ള പ്രഹര ശേഷി, എന്നിവ മെച്ചപ്പെടുത്തുന്നതിനായി ബ്രഹ്മോസിന്‍റെ മറ്റൊരു പരീക്ഷണം ഉടൻ നടത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗതയേറിയതും കൃത്യതയുള്ളതുമായ ക്രൂയിസ് മിസൈലുകളിൽ ഒന്നായാണ് വിലയിരുത്തുന്നത്. മാക് 2.8 നും മാക് 3.0 നും ഇടയിലുള്ള വേഗതയിൽ സഞ്ചരിക്കുന്ന ബ്രഹ്മോസ് പരമ്പരാഗത സബ്‌സോണിക് ക്രൂയിസ് മിസൈലുകളേക്കാൾ ഏകദേശം മൂന്നിരട്ടി വേഗതയിൽ, ശത്രു രാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾക്ക് മേൽ പതിക്കും. ഇന്ത്യയുടെ അതിവേഗം വളരുന്ന മിസൈൽ ശേഷിയെ എടുത്തുകാണിക്കുന്നതാണ് ബ്രഹ്മോസുമായി ബന്ധപ്പെട്ട സമീപകാല പരീക്ഷണങ്ങളെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്.

എം ടി സി ആറിലെ ബ്രഹ്മോസ് പരിണാമം

തുടക്കത്തിൽ 290 കിലോമീറ്റർ പരിധിയായിരുന്നു ബ്രഹ്മോസ് മിസൈലിനുണ്ടായിരുന്നത്. എന്നാൽ ഇന്ത്യ മിസൈൽ ടെക്നോളജി കൺട്രോൾ റെജിമിൽ (എം ടി സി ആർ) പ്രവേശിച്ചതോടെ ബ്രഹ്മോസിന്‍റെ ദൂരപരിധിയും ഗണ്യമായി വികസിച്ചു. ഏറ്റവുമൊടുവിൽ സ്ഥിരീകരിച്ച 800 കിലോമീറ്റർ ദൂരപരിധി ഇപ്പോൾ ഇന്ത്യയുടെ സാങ്കേതിക മികവിനെയാണ് കാണിക്കുന്നത്. ബ്രഹ്മോസ് മിസൈലിന്റെ നിലവിലെ ദൂരപരിധി ഇന്ത്യക്ക് ഗണ്യമായ സൈനിക നേട്ടങ്ങൾ നൽകുന്നതാണ്. പാകിസ്ഥാനിലെ സൈനിക കമാൻഡ് സെന്ററുകൾ, വ്യോമ താവളങ്ങൾ, മിസൈൽ ഇൻസ്റ്റാളേഷനുകൾ, നിർണായകമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കൃത്യമായി ലക്ഷ്യം വയ്ക്കാൻ നിലവിൽ ബ്രഹ്മോസിന് സാധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം