ദില്ലി: രാജ്യത്ത് കൊവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 110 ആയി എന്ന് കേന്ദ്ര സർക്കാർ കണക്ക്. ഇതിൽ പതിനേഴ് പേർ വിദേശികളാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗബാധിതരുള്ളത്. മുപ്പത്തിരണ്ട് പേർക്കാണ്  മഹാരാഷ്ട്രയിൽ വൈറസ് ബാധിച്ചിരിക്കുന്നത്. രാജസ്ഥാനിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് പേർക്ക് രോഗം ഭേദമായി. ഇറ്റാലിയൻ ദമ്പതിമാർക്കും ദുബായിൽ നിന്നെത്തിയ ആൾക്കുമാണ് രോഗം ഭേദമായത്. ഇറാനിൽ നിന്ന് ഒഴിപ്പിച്ച 53  പേരെ രാജസ്ഥാനിലെ കരസേനാ ക്യാമ്പിലേക്ക് മാറ്റി.

വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പാക് അതിര്‍ത്തി അര്‍ദ്ധരാത്രി അടച്ചു. ബംഗ്ലാദേശ്, മ്യാൻമര്‍, നേപ്പാൾ, ഭൂട്ടാൻ അതിര്‍ത്തികൾ കഴിഞ്ഞ ദിവസം അടച്ചിരുന്നു. കുറച്ച് ദിവസത്തേക്ക് ആരെയും ഇന്ത്യയിലേക്ക് പ്രവേശിപ്പിക്കില്ല. വിമാനത്താവളങ്ങളിൽ ഇതുവരെ 13 ലക്ഷം പേരെ പരിശോധിച്ചു. ഇറ്റലിയിൽ നിന്ന് ദില്ലി വിമാനത്താവളത്തില്‍ എത്തിയ 211 വിദ്യാര്‍ത്ഥികളടക്കം 218 പേരെ 14 ദിവസത്തേക്ക് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇറാനിൽ നിന്ന് മുംബയിലെത്തിച്ച 234 പേരെ ജയ്സാൽമീരിലെ കരസേനയുടെ ക്യാമ്പിലേക്കും മാറ്റി.

അതേസമയം, സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. കൊവിഡ‍് പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് ചേരും. വൈകിട്ട് നാലുമണിക്കാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി എല്ലാവരുടെയും സഹകരണം തേടുകയാണ് സർക്കാർ. 

Also Read: കൊവിഡ് 19: സർവ്വകക്ഷിയോഗം ഇന്ന് തിരുവനന്തപുരത്ത്; പ്രതിരോധത്തിന് സഹകരണം തേടി സർക്കാർ