321 ഇൻഡിഗോ വിമാന സർവീസുകളാണ് ഇതുവരെ റദ്ദാക്കിയത്. സംഭവത്തിൽ ഡിജിസിഎ അന്വേഷണം തുടങ്ങി. ദുരിതത്തിലാക്കി യാത്രക്കാർ.
ദില്ലി: പതിനായിരകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി ഇൻഡിഗോ വിമാന സർവീസുകൾ രാജ്യവ്യാപകമായി അവതാളത്തിൽ. ഇതുവരെ 321 സർവീസുകൾ റദ്ദാക്കി. സംഭവത്തിൽ ഡിജിസിഎ അന്വേഷണം തുടങ്ങി. ജീവനക്കാർക്ക് അനുകൂലമായ നിയമങ്ങളിൽ ഇളവ് നേടാനുള്ള വിമാന കമ്പനികളുടെ സമ്മർദ തന്ത്രമാണോ ഇതെന്ന് പരിശോധിക്കണമെന്ന് പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടു.
ദില്ലിയടക്കം രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലായി പതിനായിരകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്. രണ്ട് ദിവസമായി മുന്നൂറിലധികം സർവീസുകൾ ഇൻഡിഗോ റദ്ദാക്കിയിരുന്നു. പല വിമാനത്താവളങ്ങളിലും യാത്രക്കാർ പ്രതിഷേധിച്ചു. ജീവനക്കാരുമായി വാക്കേറ്റവുമുണ്ടായി. ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദായത് മറ്റ് കമ്പനികളുടെ സർവീസിനെയും ബാധിച്ചു. അപ്രതീക്ഷിതമായ സാങ്കേതിക പ്രശ്നങ്ങളും, യാത്രക്കാരുടെ എണ്ണം കാര്യമായി കൂടിയതുമാണ് ഇൻഡിഗോ കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാൽ വേണ്ടത്ര ജീവനക്കാരെ നിയമിക്കാത്തതാണ് പ്രശ്നമെന്ന് പൈലറ്റുമാർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം ആകെ 1232 സർവീസുകളാണ് ഇൻഡിഗോ റദ്ദാക്കിയത്.
നവംബർ മുതൽ പുതിയ നിയമപ്രകാരമാണ് വിമാന കമ്പനികളുടെ പ്രവർത്തനം. ജീവനക്കാർക്ക് കൂടുതൽ വിശ്രമം അടക്കം അനുവദിക്കുന്നതാണിത്. ഇത് അട്ടിമറിക്കാനുള്ള കമ്പനികളുടെ സമ്മർദ തന്ത്രമാണോ ഇതെന്ന് പരിശോധിക്കണമെന്ന് സ്വകാര്യ വിമാന കമ്പനികളിലെ പൈലറ്റുമാരുടെ സംഘടന ആവശ്യപ്പെട്ടു. സംഭവത്തിൽ ഡിജിസിഎ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇൻഡിഗോ അധികൃതർ ഇന്ന് ഡിജിസിഎ ആസ്ഥാനത്തെത്തി വിശദീകരണം നൽകി. സമൂഹമാധ്യമങ്ങളിലും കമ്പനിക്കെതിരെ വ്യാപക പരാതികളാണ് ഉയരുന്നത്.



