പശ്ചിമേഷ്യയിലെ സുരക്ഷാ പ്രശ്നങ്ങൾ കാരണം സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ നീട്ടി. റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ഒക്ടോബർ അവസാനം വരെ റദ്ദാക്കിയത്. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകാനും തീയതി മാറ്റാനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ദില്ലി: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലെ നാല് പ്രമുഖ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തലാക്കിയ നടപടി നീട്ടി ഇൻഡിഗോ എയർലൈൻസ്. റിയാദിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 31 വരെയും ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 27 വരെയുമാണ് റദ്ദാക്കിയത്.
‘ഞങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഞങ്ങൾ ഏറ്റവും വലിയ മുൻഗണന നൽകുന്നത്. മേഖലയിലെ സുരക്ഷാ മാറ്റങ്ങൾ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ബന്ധപ്പെട്ട അധികൃതരുമായി സഹകരിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും’ ഇൻഡിഗോ എക്സ് പ്ലാറ്റ്ഫോമിൽ പുറത്തുവിട്ട യാത്രാ മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കി.
വിമാനങ്ങൾ റദ്ദാക്കിയ വിവരം ബുക്കിംഗ് സമയത്ത് നൽകിയ ഫോൺ നമ്പറുകളിലൂടെയും ഇമെയിലുകളിലൂടെയും യാത്രക്കാരെ അറിയിക്കുന്നുണ്ട്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക വെബ്സൈറ്റ് വഴി സർവീസ് വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് എയർലൈൻ യാത്രക്കാരോട് അഭ്യർത്ഥിച്ചു.
മറ്റ് എയർലൈനുകളും സർവീസുകൾ നീട്ടി
മേഖലയിലെ നിലവിലെ സുരക്ഷാ ഭീഷണികൾ മുൻനിർത്തി മറ്റ് പ്രമുഖ എയർലൈനുകളും സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ആകാശ എയർ റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഒക്ടോബർ 27 വരെ റദ്ദാക്കി. ബാധിക്കപ്പെട്ട യാത്രക്കാർക്ക് പൂർണ്ണ തുക റീഫണ്ടായോ അല്ലെങ്കിൽ അധിക ചെലവില്ലാതെ യാത്ര തീയതി മാറ്റാനോ സൗകര്യമുണ്ട്.
എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും റിയാദ്, ജിദ്ദ, ദമ്മാം സർവീസുകൾ ഒക്ടോബർ 24 വരെ നിർത്തലാക്കി. ഒക്ടോബർ 15-ന് മുൻപ് ടിക്കറ്റ് എടുത്തവർക്ക് ഒരു തവണ സൗജന്യമായി യാത്രാ തീയതി മാറ്റാൻ സൗകര്യം അനുവദിച്ചിട്ടുണ്ട്. സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ എയർലൈൻ കമ്പനികൾ സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തി വരികയാണ്.


