ഞങ്ങള്‍ക്കും വീട്ടില്‍ പോവണമെന്ന് ആഗ്രഹമുണ്ട്, കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഭവിക്കുന്ന കാര്യങ്ങളില്‍ വിഷമമുണ്ട്. ക്ഷമയോടെ കാത്തിരുന്ന യാത്രക്കാരോടു നന്ദി പറയുകയാണ്. പരമാവധി വേഗത്തിൽ വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിക്കാം'- പ്രദീപ് കൃഷ്ണന്‍

മുംബൈ: ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ വൈകുന്നതും കൂട്ടത്തോടെ റദ്ദാക്കുന്നതും യാത്രക്കാരെ വലച്ചിരുന്നു. വലിയ പ്രതിഷേധങ്ങളുയരുന്നതിനിടെ സ‍‍ർവ്വീസിന് മുമ്പേ ഇന്‍ഡിഗോ പൈലറ്റ് യാത്രക്കാരോട് വൈകാരികമായ രീതിയില്‍ മാപ്പ് പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തമിഴ്നാട് സ്വദേശിയായ ക്യാപ്റ്റന്‍ പ്രദീപ് കൃഷ്ണന്‍ ആണ് യാത്രക്കാരോട് സോറി പറയുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വ്യാപകമായി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും വൈകുകയും ചെയ്യുന്ന സാഹചര്യത്തിൽ താൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും എല്ലാവരേയും പോലെ എനിക്കും വീട്ടിലെത്തണം, പരമാവധി വേഗത്തിൽ ലക്ഷ്യ സ്ഥാനത്ത് നിങ്ങളെ എത്തിക്കാമെന്നുമാണ് പ്രദീപ് പറയുന്നത്. തമിഴിലാണ് പൈലറ്റ് യാത്രക്കാരോടു മാപ്പ് പറഞ്ഞത്.

'ക്ഷമിക്കണം, നിങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എനിക്ക് അങ്ങേയറ്റം വേദനയുണ്ട്. അതിൽ ഞാൻ മാപ്പ് ചോദിക്കുന്നു, സര്‍വീസ് വൈകുമ്പോള്‍ നിങ്ങൾക്ക് പല പ്രധാനപ്പെട്ട കാര്യങ്ങൾ നഷ്ടപ്പെട്ടേക്കാം. ദയവായി മനസിലാക്കണം, ഞങ്ങള്‍ സമരത്തിലല്ല, ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്, ഞങ്ങള്‍ക്കും വീട്ടില്‍ പോവണമെന്ന് ആഗ്രഹമുണ്ട്, കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംഭവിക്കുന്ന കാര്യങ്ങളില്‍ വിഷമമുണ്ട്. ക്ഷമയോടെ കാത്തിരുന്ന യാത്രക്കാരോടു നന്ദി പറയുകയാണ്. പരമാവധി വേഗത്തിൽ വിമാനം ലക്ഷ്യസ്ഥാനത്ത് എത്തിക്കാം'- പ്രദീപ് കൃഷ്ണന്‍ പറയുന്നു. പൈലറ്റിന്‍റെ ക്ഷമാപണത്തെ കയ്യടിക്കളോടെയാണ് യാത്രക്കാർ സ്വീകരിച്ചത്.

View post on Instagram

അതേസമയം ഇൻഡിഗോ എയർലൈൻസിന്റെ സമീപകാലത്തുണ്ടായ വൻതോതിലുള്ള വിമാന റദ്ദാക്കലുകളും പ്രവർത്തന തടസ്സങ്ങളും കണക്കിലെടുത്ത്, കേന്ദ്ര സർക്കാർ വിമാനക്കമ്പനിക്കെതിരെ വലിയ നടപടിയെടുക്കുമെന്ന് സൂചന നൽകിയിട്ടുണ്ട്. പ്രവർത്തന സ്ഥിരത ഉറപ്പാക്കുന്നതിനും യാത്രക്കാരുടെ അസൗകര്യം കുറയ്ക്കുന്നതിനുമായി ഇൻഡിഗോയുടെ ശൈത്യകാല വിമാന ഷെഡ്യൂൾ സർക്കാർ വെട്ടിക്കുറയ്ക്കുമെന്ന് സിവിൽ വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു വ്യക്തമാക്കി.