ഇന്‍ഡോര്‍: റെയില്‍വേയുടെ പുതിയ പദ്ധതിയായ മസാജ് സര്‍വീസിനെതിരെ ഇന്‍ഡോര്‍ എംപി ശങ്കര്‍ ലല്‍വാനി.  മസാജ് സര്‍വ്വീസ് ഇന്ത്യന്‍ സംസ്കാരത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടി എംപി റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കത്ത് അയച്ചു. ഇന്‍ഡോറില്‍ നിന്നുള്ള 39 ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മസാജ് സര്‍വ്വീസ് ആരംഭിക്കാനാണ് റെയില്‍വേയുടെ തീരുമാനം.

എന്നാല്‍ സ്ത്രീകളുടെ മുന്നില്‍ വച്ച് മസാജ് നടത്തുന്നത് ഇന്ത്യന്‍ സംസ്കാരത്തിന് എതിരല്ലേയെന്നാണ് എംപിയുടെ ചോദ്യം. മസാജിങ്ങ് പോലത്തെ നിലാവാരമില്ലാത്ത സര്‍വ്വീസുകളല്ല വേണ്ടതെന്നും മെഡിക്കല്‍‌ സഹായവും ഡോക്ടര്‍മാരുമാണ് യാത്രക്കാര്‍ക്ക് വേണ്ടതെന്നും എംപി പറയുന്നു.ശതാബ്ദി, രാജധാനി, ടൂറിസ്റ്റ് ട്രെയിനുകളിലാണ് ഈ സര്‍വ്വീസുകള്‍ ഉള്ളത്. എന്നാല്‍ പാസഞ്ചര്‍ ട്രെയിനുകളില്‍ മസാജിങ്ങ് സര്‍വ്വീസ് ഇല്ല. പാവപ്പെട്ടവരാണ് പാസഞ്ചര്‍ ട്രെയിനുകളില്‍ സ‍ഞ്ചരിക്കുന്നത്. അവര്‍ക്ക് മസാജിങ്ങ്  സര്‍വ്വീസിന്‍റെ ആവശ്യവുമില്ലെന്ന് എംപി പറയുന്നു.

മൂന്നാഴ്ച്ചയ്ക്കുള്ളില്‍ പുതിയ സൗകര്യം ട്രെയിനുകളില്‍ ഉണ്ടാവുമെന്നാണ് റെയില്‍വേയുടെ അറിയിപ്പ്. വെറും 100 രൂപ നിരക്കില്‍ തലയ്ക്കും കാല്‍പാദത്തിനും നല്ല മസാജിങ്ങ് എന്നതാണ് റെയില്‍വേയുടെ വാഗ്ദാനം. രാവിലെ ആറ് മണി മുതൽ രാത്രി പത്ത് മണി വരെ കോച്ചുകളിൽ ഈ സേവനം ലഭ്യമാകും. മൂന്ന് മുതൽ അഞ്ച് വരെ മസാജ് പ്രൊവൈഡർമാർ ഈ ട്രെയിനുകളിൽ യാത്രക്കാർക്ക് ഒപ്പം യാത്ര ചെയ്യും. ഇവർക്ക് റെയിൽവെ തിരിച്ചറിയൽ കാർഡും നൽകും.