സോണിയാ ​ഗാന്ധി എതിർപ്പുകൾ പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥി ശശി തരൂരാണെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ടാണ് തരൂരിന് എതിരാളി എന്നാണ് ഉയർന്നുകേൾക്കുന്ന റിപ്പോർട്ട്. എന്നാൽ, അദ്ദേഹം മത്സരിക്കാനിനിയും തയ്യാറല്ലെന്നും പറഞ്ഞുകേൾക്കുന്നുണ്ട്.

ദില്ലി: 20 വർഷത്തിനു ശേഷം ഇതാദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺ​ഗ്രസ് ഒരു തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. ഇ‌ടക്കാല പ്രസിഡന്റ് സോണിയാ ​ഗാന്ധി എതിർപ്പുകൾ പ്രകടിപ്പിക്കാത്ത സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥി ശശി തരൂരാണെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്ലോട്ടാണ് തരൂരിന് എതിരാളി എന്നാണ് ഉയർന്നുകേൾക്കുന്ന റിപ്പോർട്ട്. എന്നാൽ, അദ്ദേഹം മത്സരിക്കാനിനിയും തയ്യാറല്ലെന്നും പറഞ്ഞുകേൾക്കുന്നുണ്ട്. എന്തായാലും, ഒക്ടോബർ 17ന് നടക്കുന്ന തെരഞ്ഞെടുപ്പിനായി ​ഗെഹ്ലോട്ട് അടുത്ത തിങ്കളാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. 

ബിജെപിയുടെ ഓപ്പറേഷൻ താമര‌യടക്കമുള്ള നിരവധി ഭീഷണികളെ അതിസാഹസികമായി നേരിട്ട മുതിർന്ന നേതാവാണ് അശോക് ​ഗെഹ്ലോട്ട്. 2019ൽ രാഹുൽ പ്രസിഡന്റ് സ്ഥാനത്തുനിന്ന് സ്വയം ഒഴിഞ്ഞതുമുതൽ ​ഗെഹ്ലോട്ടിനോട് സ്ഥാനം ഏറ്റെടുക്കാൻ സോണിയാ ​ഗാന്ധി പറയുന്നുണ്ട്. ​ഗാന്ധികുടുംബത്തിന് അത്രമേൽ അഭിമതനാണ് അശോക് ​ഗെഹ്ലോട്ട്. എന്നാൽ, രാജസ്ഥാൻ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞുകൊടുക്കുന്നതിലുള്ള ​ആശങ്കയാണ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിൽ നിന്ന് ​ഗെഹ്ലോട്ടിനെ പിന്തിരിപ്പിക്കുന്നത്. താൻ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചാൽ, പാർട്ടിക്കുള്ളിലെ എതിരാളി സച്ചിൻ പൈലറ്റ് ആ സ്ഥാനത്തെത്തുമെന്നത് ​ഗെഹ്ലോട്ടിനെ കുറച്ചൊന്നുമല്ല സമ്മർദ്ദത്തിലാക്കുന്നത്. 

Read Also: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ഗാന്ധി കുടുംബത്തിന് സ്ഥാനാർത്ഥികളില്ലെന്ന് ആവര്‍ത്തിച്ച് സോണിയ

 അശോക് ​ഗെഹ്ലോട്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് പോകുകയാണെങ്കിൽ വിശ്വസ്തനാ‌യ ഒരു പകരക്കാരനെ രാജസ്ഥാനിൽ അദ്ദേഹത്തിന് ആവശ്യമുണ്ട്. അതിനു കഴിഞ്ഞില്ലെങ്കിൽ കോൺ​ഗ്രസിന്റെ വർക്കിം​ഗ് പ്രസിഡന്റ് എന്ന നിലയിൽ നിന്ന് രണ്ട് സ്ഥാനങ്ങളും വഹിക്കുകയാകും അദ്ദേഹം ചെയ്യുക. സച്ചിൻ പൈലറ്റിന്റെ ദില്ലി യാത്ര മുഖ്യമന്ത്രി പദം സംബന്ധിച്ച ഊഹോപോഹങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. വർഷങ്ങളായി അദ്ദേഹം കാത്തിരുന്ന മുഖ്യമന്ത്രി പദം അദ്ദേഹത്തിന് സ്വന്തമാകുമോ? നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രമാണ് അവശേഷിക്കുന്നതെങ്കിലും അത് ചില്ലറക്കാര്യമല്ല. സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രിസ്ഥാനം നൽകണമെന്ന് കോൺ​ഗ്രസിലെ ഒരുവിഭാ​ഗം ഉറച്ചുവിശ്വസിക്കുന്നു. എന്നാൽ, അക്കാര്യം അശോക് ​ഗെഹ്ലോട്ടിന്റെ തീരുമാനം അനുസരിച്ചിരിക്കും. 

രാഹുൽ ​ഗാന്ധിയെ തിരികെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിക്കാൻ ഏതു വിധേനയും ശ്രമിക്കാമെന്ന നിലപാ‌ടാണ് ഇപ്പോഴും ​ഗെഹ്ലോട്ടിനുള്ളത്. രാഹുൽ ​ഗാന്ധി കഴിഞ്ഞിട്ടേ മറ്റൊരാൾ പ്രസിഡന്റ് സ്ഥാനത്തേക്ക് അർഹനായുള്ളു എന്നാണ് അശോക് ​ഗെഹ്ലോട്ടിന്റെ വാദം. സെപ്തംബർ 30 വരെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രികകൾ പാർട്ടി സ്വീകരിക്കുക. ഒന്നിലധികം മത്സരാർഥികളുണ്ടെങ്കിൽ ഒക്ടോബർ 17ന് തെരഞ്ഞെടുപ്പ് നടക്കും. ഒക്ടോബർ 19ന് ഫലം പ്രഖ്യാപിക്കും.

 Read Also: സമവായ സ്ഥാനാ‍ര്‍ത്ഥിയാവാൻ തരൂര്‍: ഗാന്ധി കുടുംബത്തിനെതിരെ മത്സരിക്കാൻ മനീഷ് തിവാരി?