ഇറാന്റെ മണ്ണിൽ ടെഹ്റാന് സമീപത്തായി മൊസാദ് ഏജന്റുമാർ ഡ്രോൺ ബേസ് തയ്യാറാക്കി. ഇവയെല്ലാം ഒറ്റ രാത്രി കൊണ്ട് പ്രവർത്തനസജ്ജമാക്കി
ടെൽ അവീവ്: ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ കയറിയുള്ള ഇസ്രയേലിന്റെ ആക്രമണം വർഷങ്ങളുടെ തയ്യാറെടുപ്പിന് ശേഷമെന്ന അവകാശവാദവുമായി ഇസ്രയേലി പത്രം. ആണവ കേന്ദ്രങ്ങളിൽ ഡ്രോണുകൾക്ക് താവളം ഒരുക്കിയതും കൃത്യതയോടെ ആയുധ സംവിധാനങ്ങളും ഈ ബേസിലേക്ക് എത്തിച്ചതും ഏറെ വർഷങ്ങളായുള്ള ഇസ്രയേലി ചാര സംഘടന മൊസാദിന്റെ പരിശ്രമ ഫലമെന്നാണ് ദി ടൈംസ് ഓഫ് ഇസ്രയേൽ എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഇസ്രയേൽ സൈനിക വൃത്തങ്ങളേയും ഇൻറലിജൻസ് വൃത്തങ്ങളേയും ഉദ്ധരിച്ചാണ് ഇറാന് നേരെയുള്ള ആക്രമണത്തേക്കുറിച്ച് ദി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇൻറലിജൻസ് ഏജൻസിയായ മൊസാദും ഇസ്രയേൽ സേനയും ചേർന്നുള്ള സംയുക്തമായ പരിശ്രമമാണ് ഇറാൻ ആക്രമണത്തിന് സഹായിച്ചതെന്നും ഇസ്രയേലി മാധ്യമം അവകാശപ്പെടുന്നു. ഇറാന്റെ മണ്ണിൽ ടെഹ്റാന് സമീപത്തായി മൊസാദ് ഏജന്റുമാർ ഡ്രോൺ ബേസ് തയ്യാറാക്കി. കമാൻഡോകളെയും ആയുധങ്ങളും രഹസ്യമായി ഇവിടേക്ക് എത്തിച്ചു. ആക്രമണ സമയത്ത് ഇവയെല്ലാം ഒറ്റ രാത്രി കൊണ്ട് പ്രവർത്തനസജ്ജമാക്കി. ഇസ്രയേലിനെ ലക്ഷ്യമാക്കിയുള്ള മിസൈലുകളെ നിഷ്പ്രഭമാക്കിയത് ഒറ്റ രാത്രി കൊണ്ട് ആക്ടിവേറ്റ് ചെയ്ത ഈ ഡ്രോണുകളാണെന്നാണ് ഇസ്രയേലി മാധ്യമം അവകാശപ്പെടുന്നത്. ഇറാനിലേക്ക് വാഹനങ്ങളിൽ പലപ്പോഴായി ആയുധങ്ങൾ കള്ളക്കടത്ത് നടത്തിയെന്നും ദി ടൈംസ് ഓഫ് ഇസ്രയേൽ അവകാശപ്പെടുന്നു. ഈ സംവിധാനങ്ങളാണ് ഇറാന്റെ പ്രതിരോധം തകർത്ത് ഇസ്രയേൽ വിമാനങ്ങൾക്ക് മേഖലയിൽ ആധിപത്യം നൽകിയെന്നും ഇസ്രയേലി മാധ്യമം അവകാശപ്പെടുന്നുണ്ട്.
മധ്യ ഇറാനിൽ മൊസാദ് സ്ഥാപിച്ച മിസൈലുകളും ഇറാൻ ആക്രമണത്തെ തകർത്തുവെന്നാണ് ആരോപണം. വിദഗ്ധമായ പദ്ധതിയോടും വികസിത സാങ്കേതിക വിദ്യയുടെ സഹായത്തോടെയും പ്രത്യേക സൈനികരും മൊസാദ് ഏജന്റുമാരുമാണ് ഇതിന് നേതൃത്വം നൽകിയതെന്നും ടൈംസ് ഓഫ് ഇസ്രയേൽ അവകാശപ്പെടുന്നു. പ്രാദേശികമായുള്ള ഇൻറലിജൻസ് സംവിധാനങ്ങളുടെ കണ്ണ് വെട്ടിച്ചായിരുന്നു ഇറാന്റെ മണ്ണിൽ തന്നെ ഇസ്രയേൽ പ്രതിരോധം ഒരുക്കിയതെന്നാണ് ടൈംസ് ഓഫ് ഇസ്രയേൽ അവകാശപ്പെടുന്നത്.


