Asianet News MalayalamAsianet News Malayalam

ജമ്മുവിലേത് ഡ്രോൺ ആക്രമണമെന്ന് സ്ഥിരീകരിച്ച് ഡിജിപി: സ്ഫോടകവസ്തുക്കളുമായി ലഷ്ക‍ർ ഭീകരൻ പിടിയിൽ

നർവാളിൽ ലഷ്ക്കർ ഭീകരനെ പിടിച്ചതിലൂടെ വൻ സ്ഫോടന ശ്രമം തകർത്തതായും അദ്ദേഹം പറഞ്ഞു. തിരക്കുള്ള സ്ഥലങ്ങളിൽ സ്ഫോടനത്തിനായിരുന്നു ഇവരുടെ പദ്ധതി. ഇയാളിൽ നിന്ന് അഞ്ചു കിലോ ഐഇഡി പിടിച്ചെടുത്തിരുന്നു എന്നും ഡിജിപി അറിയിച്ചു. 

jammu airport blast jammu and kashmir dgp says suspicion about drone
Author
Jammu, First Published Jun 27, 2021, 3:10 PM IST

ദില്ലി: ജമ്മു വിമാനത്താവള സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിംഗ്. ഡ്രോൺ ഉപയോഗിച്ച് സ്ഫോടകവസ്തുക്കൾ വർഷിച്ചു എന്നാണ് സംശയിക്കുന്നത്. സംയുക്ത അന്വേഷണം നടക്കുകയാണെന്നും ഡിജിപി വാർത്താ ഏജൻസിയോട് പറഞ്ഞു. ജമ്മുകശ്മീരിലെ വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഉന്നതതല യോഗം ചേരുകയാണ്.

രണ്ട് ഡ്രോണുകൾ ഉപയോ​ഗിച്ചതായാണ് പ്രാഥമിക നി​ഗമനം. ലഷ്ക്കർ ഭീകരനെ പിടിച്ചതിലൂടെ വൻ സ്ഫോടന ശ്രമം തകർത്തതായും ഡിജിപി പറഞ്ഞു. തിരക്കുള്ള സ്ഥലങ്ങളിൽ സ്ഫോടനത്തിനായിരുന്നു ഇവരുടെ പദ്ധതി. ഇയാളിൽ നിന്ന് അഞ്ചു കിലോ ഐഇഡി പിടിച്ചെടുത്തിരുന്നു എന്നും ഡിജിപി അറിയിച്ചു.  ജമ്മുവിൽ അതീവ ജാ​ഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.  ശ്രീനഗറിലും പഠാന്‍കോട്ടിലും അതീവ ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. 

വിമാനത്താവളത്തിൽ ബോംബ് സ്ക്വാഡ്, ഫോറൻസിക് വിദ​ഗ്ധർ വിശദ പരിശോധന തുടരുകയാണ്. ഉന്നത സുരക്ഷാ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.  സ്‌ഫോടനത്തില്‍ യുഎപിഎ പ്രകാരം ജമ്മു പൊലീസ് കേസെടുത്തിട്ടുണ്ട്. ഡ്രോണ്‍ ആക്രമണമാണെന്ന നിഗമനത്തെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ എയര്‍ഫോഴ്‌സും തീരുമാനിച്ചു. എയര്‍മാര്‍ഷല്‍ വിക്രം സിങ്ങാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക.

 ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ ഇരട്ടസ്‌ഫോടനമുണ്ടായത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും കാര്യമായ നാശനഷ്ടങ്ങളില്ലെന്നുമാണ് വ്യോമസേന അറിയിച്ചിരിക്കുന്നത്.  സ്‌ഫോടനങ്ങളിലൊന്നില്‍ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് ചെറിയ കേടുപാട് പറ്റിയിട്ടുണ്ടെന്നും വ്യോമസേന അറിയിച്ചു.

അഞ്ച് മിനുട്ട് വ്യത്യാസത്തില്‍ രണ്ട് തവണയാണ് സ്‌ഫോടനമുണ്ടായത്. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് ജമ്മു വിമാനത്താവളം. ഇവിടെ സാധാരണ വിമാനങ്ങളും സര്‍വീസ് നടത്തുന്നുണ്ടെങ്കിലും റണ്‍വേയും എയര്‍ ട്രാഫിക് കണ്‍ട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്.

Read Also: ജമ്മുവിലേത് രാജ്യത്തെ ആദ്യ ഡ്രോൺ ആക്രമണമോ? പ്രതിരോധ സേനകൾക്ക് പുതിയ വെല്ലുവിളി


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios