ജമ്മു മുഖ്യമന്ത്രി ഒമർ അബ്ദുള്ള പരിക്കേറ്റ ആളുകളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ചു. ആശുപത്രി അധികൃതരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. 

ശ്രീന​ഗർ: ജമ്മു മുഖ്യമന്ത്രി ഒമർ അബ്ദുള്ള പരിക്കേറ്റ ആളുകളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി സന്ദർശിച്ചു. ആശുപത്രി അധികൃതരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ആശുപത്രിയിലെ സംവിധാനങ്ങൾ വിലയിരുത്തുകയും ഉന്നത് ഉദ്യോ​ഗസ്ഥരുമായി സംസാരിക്കുകയും ചെയ്തു. സ്വയം കാറോടിച്ചാണ് അദ്ദേഹം ആശുപത്രിയിലേക്ക് എത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ ഓഫീസിൽ വെച്ചാണ് ഉന്നത തലയോ​ഗം ചേരുന്നത്.

പൂഞ്ചിലെ ഷെല്ലാക്രമണത്തിൽ പരിക്കേറ്റവരെയാണ് അദ്ദേഹം ആശുപത്രിയിൽ സന്ദർശിച്ചത്. അരമണിക്കൂറോളം ഇവിടെ ചെലവഴിച്ചു. അടിയന്തര സാഹചര്യം നേരിടാനുള്ള സജ്ജീകരണങ്ങളും അദ്ദേഹം വിലയിരുത്തി. ജമ്മുവിൽ അതീവ ജാ​ഗ്രതാ നിർദേശമാണ് നൽകിയിരിക്കുന്നത്. സാംബയിൽ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ ഏഴ് ഭീകരരെ ഇന്ത്യ വധിച്ചു. രജൗരിയിലും കനത്ത ഷെല്ലിം​ഗുണ്ടായി. ജമ്മുവിലെ പാക് ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുകയാണ് ഇന്ത്യ. 

പഞ്ചാബിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമൃത്സറിൽ രാവിലെ സൈറണ്‍ മുഴങ്ങിയതിനെ തുടര്‍ന്ന് അമൃത്സര്‍ വിമാനത്താവളം അടച്ചു. ഒരറിയിപ്പ് ഉണ്ടാകും വരെ സ്ഥിതി തുടരുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളത്തിന്‍റെ സുരക്ഷ കൂട്ടിയിട്ടുണ്ട്. സ്ഥിതി ശാന്തമെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചാബിലെ പത്ത് മന്ത്രിമാര്‍ അതിര്‍ത്തി ജില്ലകളിലെത്തും. ആശുപത്രികളിലെ തയ്യാറെടുപ്പുകള്‍ മന്ത്രിമാര്‍ വിലയിരുത്തും. 

ജമ്മുവിൽ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി ഒമർ അബ്ദുള്ള