ദില്ലി: ജെഎൻയുവില്‍ പാർലമെന്‍റ് മാർച്ചിനിടെ വിദ്യാർത്ഥികളെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയ  കാഴ്ചാ പരിമിതിയുള്ള വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റത്. നടപടി പ്രതിഷേധിച്ചാണ് ജെഎൻയുവിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ കൂട്ടായ്മ ദില്ലി പൊലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. അന്ധവിദ്യാർത്ഥികളെ അടക്കം തല്ലിച്ചതച്ച പൊലീസിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ അടക്കം പ്രതികരിച്ചിരുന്നു. 

അതിനിടെ ജെഎൻയു ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തില്‍ പൊലീസിനെതിരായ സമരം താൽക്കാലികമായി നിർത്തിവെക്കും. ഡിസിപി യുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. കുറ്റക്കാരായ പൊലീസുകാർക്ക് എതിരെ നടപടി എടുക്കുമെന്ന് ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. 

ജെഎന്‍യു സമരം: ഓണ്‍ലൈനില്‍ പ്രചരിക്കുന്ന അഞ്ച് നുണകളും; വസ്തുതകളും...

അതിനിടെ ജെഎൻയുവിലെ ഹോസ്റ്റൽ ഫീസ് വർധന അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രമാനവവിഭവശേഷി വകുപ്പ് വിളിച്ചു ചേർത്ത യോഗത്തിൽ പുരോഗതിയെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. യുജിസി മുൻ ചെയർമാൻ വി എസ് ചൗഹാന്‍റെ നേതൃത്വത്തിലായിരുന്നു ചർച്ച. വിദ്യാർഥികളുടെ ആശങ്കകൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സമിതി അറിയിച്ചു. എന്നാൽ ഉറപ്പ് ലഭിക്കുന്നത് വരെയും സമരം തുടരാനാണ് വിദ്യാർത്ഥി യൂണിയന്‍റെ തീരുമാനം. 

ജെഎന്‍യുവില്‍ നിര്‍ണ്ണായക ചര്‍ച്ച ഇന്ന്; ഫീസ് വര്‍ധന പിന്‍വലിച്ചില്ലെങ്കില്‍ സമരം തുടരും...

വൈസ് ചാന്‍സിലര്‍ ജഗദീഷ് കുമാറിന്‍റെ നടപടികള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് യോഗത്തിൽ വിദ്യാർത്ഥികൾ ഉയർത്തിയത്. ഫീസ് വർധനവ് അടക്കമുള്ള കാര്യങ്ങളിൽ ഉൾപ്പെടുത്തിയ പുതിയ മാനുവൽ പിൻവലിച്ച് വിദ്യാർത്ഥി പ്രതിനിധികളെ ഉൾപ്പെടുത്തി മാനുവൽ കമ്മറ്റി പരിഷ്ക്കരിക്കണമെന്നും വിദ്യാർത്ഥികൾ അവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ആശങ്കകൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സമിതിചെയർമാൻ വിഎസ് ചൗഹാൻ പറഞ്ഞു. അതേ സമയം ഫീസ് വ‍ർധനവ് പൂർണ്ണമായി പിൻവലിക്കുന്നതുവരെ സമരം തുടരാനാണ് വിദ്യാ‍ർത്ഥികളുടെ തീരുമാനം. വിദ്യാർത്ഥികൾക്കെതിരെ സർവകലാശാല ദില്ലി ഹൈക്കോടതിയിൽ നൽകിയ കോടതിയലക്ഷ്യഹർജി പ്രതിഷേധാഹർ‍മാണെന്ന് യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് പറഞ്ഞു.