കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധി നിശാപാര്‍ട്ടിയില്‍ മതിമറന്ന് ആഘോഷിക്കുകയാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പരിഹസിച്ചു. 

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi) നിശാക്ലബിലെ പാര്‍ട്ടിയില്‍ പങ്കെടുത്തിനെ ചൊല്ലി വിവാദം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി (BJP) രൂക്ഷ വിമര്‍ശനമുയര്‍ത്തി. നേപ്പാളിലെ സുഹൃത്തിന്‍റെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തതാണെന്നും മോദിയെ പോലെ ക്ഷണിക്കാതെ പോകുന്ന അതിഥിയല്ല രാഹുലെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു. 

ദില്ലിയിലില്ലാത്ത രാഹുല്‍ ഗാന്ധി മറുനാടന്‍ നിശാപാര്‍ട്ടികളില്‍ മതിമറന്നാഘോഷിക്കുന്നുവെന്ന വിമര്‍ശനമുന്നയിച്ചാണ് ബിജെപി രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ പങ്കുവച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന രാഹുലിന്‍റെ ദൃശ്യങ്ങള്‍ ട്വിറ്ററിലും മറ്റ് സമൂഹമാധ്യമങ്ങളിലും പെട്ടെന്ന് വൈറലായി. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷം നടക്കുമ്പോള്‍ രാഹുല്‍ ആടിപ്പാടുകയാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വിറ്ററലെഴുതി. കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പണി അസലായിട്ടുണ്ടെന്നും അമിത് മാളവ്യ പരിഹസിച്ചു. 

Scroll to load tweet…

ദൃശ്യങ്ങള്‍ വിവാദമായതോടെ കോണ്‍ഗ്രസ് വിശദീകരണവുമായെത്തി. നേപ്പാളിലെ മാധ്യമപ്രവര്‍ത്തകയായ സുഹൃത്തിന്‍റെ വിവാഹത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തതിന്‍റെ ദൃശ്യങ്ങളാണെന്ന് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേ വാല വിശദീകരിച്ചു. ക്ഷണിച്ച വിവാഹചടങ്ങളില്‍ പങ്കെടുത്തതിനെ കുറ്റകൃത്യമായി ബിജെപി ചിത്രീകരിക്കുകയാണന്നും സുര്‍ജേ വാല പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനെതിരെ ബിജെപി നടത്തുന്ന പ്രചാരണത്തിന് ദൃശ്യങ്ങള്‍ പുതിയ ആയുധമാകും. പാര്‍ട്ടിയില്‍ രാഹുലിന്‍റെ സ്ഥിരതയില്ലായ്മയ ചോദ്യം ചെയ്യുന്നവരും വിവാദം ആയുധമാക്കിയേക്കും.