കൊല്‍ക്കത്ത: സമരം ഉപേക്ഷിച്ച് ജോലി ചെയ്യണമെന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അന്ത്യശാസനം ജൂനിയര്‍ ഡോക്ടര്‍മാര്‍ തള്ളി. തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്ന് ഡോക്ടര്‍മാര്‍മാര്‍ അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്കുള്ളില്‍ സമരം നിര്‍ത്തണമെന്നായിരുന്നു മമതാ ബാനര്‍ജിയുടെ നിര്‍ദേശം. മുഖ്യമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം അപ്രതീക്ഷിതമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ ആരോപിച്ചു.

ഗവര്‍ണര്‍ കേശരിനാഥ് ത്രിപാഠിയുമായും സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ ചര്‍ച്ച നടത്തി. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരാനാണ് ഞങ്ങളുടെ തീരുമാനം. ഇക്കാര്യം ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ഉടന്‍ ചര്‍ച്ച നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഞങ്ങളുടെ ആവശ്യങ്ങള്‍ നിസാരമാണ്. എല്ലാ ആശുപത്രിയിലും പൊലീസ് സുരക്ഷയൊരുക്കുകയും കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിലെ പ്രതികളെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുകയും വേണം. എന്നാല്‍, മുഖ്യമന്ത്രിയുടെ പ്രസ്താവന കേട്ടാല്‍ ഞങ്ങളാണ് കുറ്റക്കാരെന്ന് തോന്നുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.  

ജൂനിയര്‍ ഡോക്ടര്‍മാര്‍ ഒന്നെങ്കില്‍ സമരം അവസാനിപ്പിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കണമെന്നും അല്ലെങ്കില്‍ എത്രയും പെട്ടെന്ന് ഹോസ്റ്റല്‍ ഒഴിയണമെന്നും മമത ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനം നല്‍കിയിരുന്നു തീരുമാനമെടുക്കാന്‍ നാല് മണിക്കൂര്‍ സമയമാണ് മമത ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയിരിക്കുന്നത്. ഡ്യൂട്ടിയില്‍ തിരികെ പ്രവേശിക്കാതെ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മമത വ്യക്തമാക്കിയിരുന്നു. 

എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന  പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. ഡോക്ടര്‍മാരുടെ അശ്രദ്ധമൂലമാണ് രോഗി മരിച്ചത് എന്നാരോപിച്ചാണ് മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ച ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്.