റേഡിയോ നിർദ്ദേശമനുസരിച്ച് തെരച്ചിലിൽ 'പുലി'യാകും, കരസേനയ്ക്ക് കരുത്താകാൻ 'കെ 9 സാകും'
ലേസർ നിയന്ത്രിത ആക്രമണം തടയാനും ആയുധങ്ങൾ കണ്ടെത്താനുമുള്ള പരിശീലനമാണ് കെ 9 സാക് വിജയകരമായി പൂർത്തിയാക്കിയത്
ദില്ലി: കരസേനയ്ക്ക് കരുത്താകാൻ കെ 9 സാകും. കരസേനയിലെ മുൻ നിരയ്ക്ക് ശക്തി പകരാനായാണ് ബെൽജിയൻ മലിനോയിസ് വിഭാഗത്തിലെ കെ 9 സാക് പരിശീലനം പൂർത്തിയാക്കിയത്. രണ്ടര വയസ് പ്രായമുള്ള കെ 9 സാക് മീററ്റിലെ ആർവിസി സെന്റർ ആൻഡ് കോളേജിൽ നിന്നാണ് പരിശീലനം പൂർത്തിയാക്കിയത്. വനമേഖലകളിലെ പരിശോധനകളിലും നഗരപ്രദേശങ്ങളിലെ സംഘർഷ മേഖലകളിലും തെരച്ചിൽ രംഗത്ത് കെ 9 സാക് ഭാഗമാവും.
ലേസർ നിയന്ത്രിത ആക്രമണം തടയാനും ആയുധങ്ങൾ കണ്ടെത്താനുമുള്ള പരിശീലനമാണ് കെ 9 സാക് വിജയകരമായി പൂർത്തിയാക്കിയത്. റേഡിയോ നിർദ്ദേശങ്ങൾ അനുസരിച്ച് തെരച്ചിൽ നടത്താനും വീഡിയോ ട്രാൻസ്മിഷനെ സഹായിക്കാനും ഇവയ്ക്ക് സാധിക്കുമെന്നാണ് സൈനിക വക്താവ് വിശദമാക്കുന്നത്. തെരച്ചിൽ നടത്തുമ്പോൾ സൈന്യത്തിന് മുൻകൈ നേടാൻ കെ 9 സാകിന്റെ സഹായം മുതൽക്കൂട്ടാവുമെന്നാണ് നിരീക്ഷണം.
ഇതിന് പുറമേ ശ്രീലങ്കയുമായി ചേർന്നുള്ള ഇന്ത്യയുടെ സംയുക്ത സൈനിക അഭ്യാസത്തിലും കെ 9 സാക് ഭാഗമാകുന്നുണ്ട്. ഓഗസ്റ്റ് 12 മുതൽ 25 വരെ ശ്രീലങ്കയിലാണ് സംയുക്ത സൈനിക അഭ്യാസം നടക്കുന്നത്. രജ്പുതാന റൈഫിൾസ് ബറ്റാലിയനിലെ 106 സൈനികരാണ് സംയുക്ത സൈനിക അഭ്യാസത്തിൽ ഭാഗമാവുന്നത്. മിത്രശക്തി എന്ന സംയുക്ത സൈനിക അഭ്യാസത്തിന്റെ പത്താമത്തെ എഡിഷനാണ് ശ്രീലങ്കയിൽ നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം