കർണാടക സർക്കാർ ഗോവധ നിരോധന, മുത്തലാഖ്, മതപരിവ‍‍ർത്തന നിരോധന നിയമങ്ങൾ കൊണ്ടുവന്നത് പോലെ വാങ്ക് വിളിക്കെതിരെയും നിയമനടപടിയുണ്ടാകുമെന്നും ഈശ്വരപ്പ 

ബെംഗളുരു : വാങ്ക് വിളിക്കെതിരെ നടത്തിയ വിവാദ പ്രസ്താവനയിൽ ഉറച്ച് മുൻ കർണാടക ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഈശ്വരപ്പ. വാങ്ക് വിളി പരീക്ഷയ്ക്ക് പഠിക്കുന്ന കുട്ടികൾക്കും വൃദ്ധർക്കും ആശുപത്രിയിൽ കിടക്കുന്ന രോഗികൾക്കും ശല്യമാണെന്നും വാങ്ക് വിളി തടയാനുള്ള വേണ്ട നിയമനടപടിയെടുക്കുമെന്ന് ഈശ്വരപ്പ വീണ്ടും പറഞ്ഞു. കർണാടക സർക്കാർ ഗോവധ നിരോധന, മുത്തലാഖ്, മതപരിവ‍‍ർത്തന നിരോധന നിയമങ്ങൾ കൊണ്ടുവന്നത് പോലെ വാങ്ക് വിളിക്കെതിരെയും നിയമനടപടിയുണ്ടാകുമെന്നും ഈശ്വരപ്പ കൂട്ടിച്ചേർത്തു. 

എന്തിനാണ് വാങ്കുവിളിക്കാൻ ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നതെന്നും അല്ലാഹുവിന് ചെവി കേൾക്കാൻ പാടില്ലേയെന്നുമായിരുന്നു കഴിഞ്ഞ ദിവസം ഈശ്വരപ്പ ഉന്നയിച്ച ചോദ്യം. പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ സമീപത്തെ പള്ളിയിൽ നിന്ന് വാങ്കുവിളിയുയർന്നതോടെയാണ് ഇത്തരമൊരു വിവാദ പരാമര്‍ശം ഈശ്വരപ്പ നടത്തിയത്. 

ഞങ്ങളും മതവിശ്വാസികളാണ്. പക്ഷേ ഉച്ചഭാഷിണി ഉപയോഗിക്കുന്നില്ല. നിങ്ങൾ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രാർഥിക്കുകയാണെങ്കിൽ അതിനർത്ഥം അല്ലാഹു ബധിരനാണെന്നാണെന്നും ഈശ്വരപ്പ പറഞ്ഞു. നേരത്തെയും വിവാദ പരാമർശം നടത്തി പുലിവാല് പിടിച്ച രാഷ്ട്രീയ നേതാവാണ് ഈശ്വരപ്പ. ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി പൊതു അടിയന്തര സാഹചര്യങ്ങളിലൊഴികെ രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് 2005 ജൂലൈയിൽ സുപ്രീം കോടതി നിരോധിച്ചിരുന്നു.

Read More : 'എവിടെ പോയാലും തലവേദന, എന്തിനാണ് വാങ്കുവിളിയ്ക്കാൻ ഉച്ചഭാഷിണി...'; വിവാ​ദ പരാമർശവുമായി വീണ്ടും ബിജെപി നേതാവ്