'ഗാന്ധി വധം ആസൂത്രണം ചെയ്തത് നെഹ്‍റുവെന്ന് സംശയം'; നുണ നിറഞ്ഞ വിവാദ പരാമർശവുമായി കർണാടക ബിജെപി എംഎൽഎ
ഗാന്ധി വധത്തിൽ ജവഹർലാൽ നെഹ്റുവിന് പങ്കുണ്ടെന്ന വ്യാജ ആരോപണം ആവർത്തിച്ച് കർണാടക ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‍നാൽ

ബെംഗളുരു: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‍റുവിന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ വധത്തിൽ പങ്കുണ്ടെന്ന് സംശയമുണ്ടെന്ന് കർണാടക ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്‍നാൽ. 'മൂന്ന് ബുള്ളറ്റുകളേറ്റാണ് ഗാന്ധിജി മരിച്ചത്, ഇതിൽ ഒരു ബുള്ളറ്റ് മാത്രമാണ് ഗോഡ്സെയുടെ തോക്കിൽ നിന്ന് വന്നത്' എന്ന വ്യാജവിവരം ആവർത്തിച്ചാണ് ബസനഗൗഡ പാട്ടീൽ യത്‍നാൽ തൻ്റെ ആരോപണം ആവർത്തിച്ച് ഉന്നയിക്കുന്നത്. ഗാന്ധിജിയുടെ ശരീരത്തിൽ പതിച്ച ബാക്കി രണ്ട് ബുള്ളറ്റുകൾ വന്നതെവിടെ നിന്ന് എന്നത് ദുരൂഹമെന്നും യത്നാൽ പറയുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം വ്യാജമെന്നത് ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെ കോടതിക്ക് നൽകിയ മൊഴിയിൽ തന്നെ വ്യക്തമാണ്.
ഇന്ത്യയുടെ ഏകാധിപതിയാകണം എന്ന ആഗ്രഹം നെഹ്‍റുവിന് ഉണ്ടായിരുന്നെന്ന് യത്നാൽ ആരോപിക്കുന്നു. അതിനാലാണ് ഗാന്ധി വധം നെഹ്റു ആസൂത്രണം ചെയ്തതെന്ന് കരുതണമെന്നും യത്നാൽ പറയുന്നു. നാളെ ബെലഗാവിയിൽ നടക്കാനിരിക്കുന്ന ജയ് ബാപു, ജയ് ഭീം, ജയ് സംവിധാൻ റാലി വ്യാജ ഗാന്ധിമാർ നടത്തുന്നതെന്നും യത്നാൽ ആരോപിക്കുന്നു.
യത്നാലിന്‍റേത് വ്യാജ ആരോപണം
ഗാന്ധിയെ വധിച്ച നാഥുറാം വിനായക് ഗോഡ്സെ കോടതിക്ക് നൽകിയ മൊഴിയിൽ തന്നെ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഗാന്ധിജിക്കെതിരെ രണ്ട് തവണ നിറയൊഴിക്കാനാണ് താൻ ശ്രമിച്ചതെന്നും, മൂന്ന് തവണ നിറയൊഴിച്ചെന്നുമാണ് ഇയാൾ നൽകിയ മൊഴി. ഗാന്ധിക്ക് നേരെ വെടിയുതിർത്ത ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ഗോഡ്സെയെ അടുത്തുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ തടയുകയായിരുന്നു. തുടർന്ന് തോക്ക് കയ്യിൽ ഉയർത്തിപ്പിടിച്ച് കീഴടങ്ങിയ ഗോഡ്സെയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബെരേറ്റ 606824 എന്ന തോക്കുപയോഗിച്ചാണ് ഗോഡ്സെ ഗാന്ധിജിക്ക് നേരെ വെടിയുതിർത്തത്. ഏഴ് തിരകൾ നിറയ്ക്കാവുന്ന തോക്കായിരുന്നു അത്. ഗാന്ധി വധത്തിന് ശേഷം ഈ തോക്കിൽ നാല് തിരകൾ അവശേഷിച്ചിരുന്നു. ഗോഡ്സെയുടെ കയ്യിൽ നിന്നാണ് ആ തോക്ക് കണ്ടെടുത്തത് എന്ന് സാക്ഷിമൊഴികളും കൂടി കേസിൽ ഇയാളെ തൂക്കിക്കൊല്ലാനുള്ള വിധിയിൽ നിർണായക തെളിവായി പരിഗണിക്കപ്പെട്ടിരുന്നു.