2016-ലെ ബി.ജെ.പി നേതാവ് യോഗേഷ് ഗൗഡറുടെ കൊലപാതക കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് കർണാടക കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിയെ അയോഗ്യനാക്കി. സി.ബി.ഐ അന്വേഷിച്ച കേസിൽ ശിക്ഷിക്കപ്പെട്ടതോടെ, സിദ്ധരാമയ്യ സർക്കാരിന് തിരിച്ചടിയായി മാറിയ ഈ നടപടി പ്രകാരം അദ്ദേഹത്തിന് അടുത്ത ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല.

ബെംഗളൂരു: കർണാടക കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ വിനയ് കുൽക്കർണിയെ അയോഗ്യനാക്കി. 2016-ൽ ബി.ജെ.പി ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന യോഗേഷ് ഗൗഡർ കൊല്ലപ്പെട്ട കേസിലാണ് മുൻ മന്ത്രി കൂടിയായ വിനയ് കുൽക്കർണി പ്രതിയായിരുന്നത്. ഈ കേസ് സി.ബി.ഐ ആണ് അന്വേഷിച്ചിരുന്നത്. വിചാരണക്കൊടുവിൽ വിനയ് കുൽക്കർണിയെ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചതോടെയാണ് അയോഗ്യനായത്. ശിക്ഷാ വിധി പുറത്തുവന്ന് രണ്ടാഴ്ചയോളം കഴിഞ്ഞാണ് അയോഗ്യത സംബന്ധിച്ച് നിയമസഭ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കർണാടകയിലെ ധർവാഡിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. കർണാകയിൽ സിദ്ധരാമയ്യ സർക്കാരിന് വലിയ തിരിച്ചടിയാണ് ഈ നടപടി. വടക്കൻ കർണാടകയിലെ പ്രമുഖ ലിംഗായത്ത് നേതാവാണ് വിനയ് കുൽക്കർണി. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലടക്കം ഈ അയോഗ്യത വലിയ ചർച്ചയാകും. ഇദ്ദേഹത്തിന് അടുത്ത ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാവില്ല. ഇക്കഴിഞ്ഞ ഏപ്രിൽ 15-നാണ് വിനയ് കുൽക്കർണിയെ ബെംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷിച്ചത്. മറ്റ് 15 പേരെയും ശിക്ഷിച്ചിരുന്നു. കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരനാണ് വിനയ് കുൽക്കർണിയെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറഞ്ഞത്. കേസിൽ 2020 ൽ സിബിഐ അറസ്റ്റ് ചെയ്ത ശേഷം ഇദ്ദേഹം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. എന്നാൽ വിചാരണക്കിടെ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ഇദ്ദേഹത്തിൻ്റെ ജാമ്യം റദ്ദാക്കി. പിന്നീട് വിചാരണ കഴിഞ്ഞ ശേഷം 2026 ഫെബ്രുവരിയിൽ സുപ്രീം കോടതിയാണ് ഇദ്ദേഹത്തിന് ജാമ്യം നൽകിയത്.