അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ദേശീയതലത്തിൽ രാഷ്ട്രീയനീക്കങ്ങളെ സ്വാധീനിക്കാൻ കർണാടകയിലെ ജനവിധിക്കാകും എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. അതിനാൽ, ബിജെപിക്കും കോൺ​ഗ്രസിനും ഈ തെരഞ്ഞെടുപ്പ് ഫലം നിർണായകമാവുന്നു. 

കന്നഡി​ഗർ വീണ്ടുമൊരു തെരഞ്ഞെടുപ്പങ്കത്തിന് തയ്യാറെടുക്കുകയാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിലധികം വരുന്ന ജനത മെയ് 10ന് ജനവിധിയെഴുതും. 224 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ബിജെപിയും കോൺ​ഗ്രസും നേർ‌ക്കുനേർ പോരാട്ടത്തിനിറങ്ങുമ്പോൾ അനിവാര്യ ശക്തിയായി ജനതാദൾ എസും കളത്തിലുണ്ട്.

അഞ്ച് വർഷത്തിനിടെ നിർണായകമായ പല രാഷ്ട്രീയനീക്കങ്ങൾക്കും വേദിയായ മണ്ണാണ് കർണാടകയുടേത്. 2018ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും 113 എന്ന കേവലഭൂരിപക്ഷത്തിലേക്ക് എത്താനായിരുന്നില്ല. 104 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സർക്കാർ രൂപീകരണത്തിന് ​ഗവർണർ ക്ഷണിച്ചു. അങ്ങനെ ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിലേറി. എന്നാൽ, വിശ്വാസവോട്ടെടുപ്പിൽ യെദിയൂരപ്പ സർക്കാർ പരാജയപ്പെട്ടു. ബദ്ധവൈരികളായ കോൺ​ഗ്രസും ജെഡിഎസും കൈകോർക്കുന്നതും ഭരണം നേടുന്നതുമാണ് പിന്നീട് കണ്ടത്. എന്നാൽ, ഈ സഖ്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ ബിജെപി അവസരമാക്കി. ഒന്നരവർഷത്തിനു ശേഷം ഓപ്പറേഷൻ കമല നടപ്പാക്കി ബിജെപി കോൺ​ഗ്രസ് എംഎൽഎമാരെ സ്വന്തം പാളയത്തിലെത്തിക്കുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടന്നെങ്കിലും കോൺ​ഗ്രസും ജെഡിഎസും പരാജയം രുചിച്ചു. കോൺ​ഗ്രസ് വിമതരെ തന്നെ തെരഞ്ഞെടുപ്പ് കളത്തിലിറക്കി ബിജെപി മധുരപ്രതികാരം വീട്ടുകയായിരുന്നു. നിലവിൽ 121 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. കോൺ​ഗ്രസിന് 70 എംഎൽഎമാരും ബിജെപിക്ക് 30 എംഎൽഎമാരുമുണ്ട്. ഇതിനിടെ മുഖ്യമന്ത്രി മാറിയെത്തുന്ന കാഴ്ച്ചയ്ക്കും കർണാടക രാഷ്ട്രീയം സാക്ഷിയായി. യെദിയൂരപ്പയ്ക്ക് പകരം 2021 ജൂലൈയിൽ ബസവരാജ് ബൊമ്മൈ ഭരണത്തിലെത്തുകയായിരുന്നു. 

Read Also: കര്‍ണാടക തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി, വോട്ടെടുപ്പ് മെയ് 10ന്, വോട്ടെണ്ണല്‍ 13ന്, വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പില്ല

യെദിയൂരപ്പയും ബസവരാജ് ബൊമ്മൈയും

വിട്ടുകൊടുക്കില്ലെന്ന് ബിജെപി, തിരിച്ചുനേടാൻ കോൺ​ഗ്രസ്, അപ്രസക്തമാകാതെ ജെഡിഎസ്

ഇക്കുറിയും ഭരണത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. ജാതിസമവാക്യങ്ങൾക്ക് മേൽക്കെയ്യുള്ള മണ്ണാണ് കർണാടകയിലേത്. പ്രബലരായ ലിം​ഗായത്ത്,വൊക്കലി​ഗ സമുദായങ്ങളെ ഒപ്പം കൂട്ടി ഭരണം നിലനിർത്താനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒബിസി വിഭാ​ഗത്തിലെ മുസ്ലീം സമുദായങ്ങൾക്കുള്ള നാല് ശതമാനം സംവരണം എടുത്തുമാറ്റി ലിം​ഗായത്തുകൾക്കും വൊക്കലിഗർക്കുമായി തുല്യമായി വീതിച്ചു നൽകിയിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. എന്നാൽ, യാതൊരു കുലുക്കവുമില്ലാതെ നിൽക്കുകയാണ് ബസവരാജ് ബൊമ്മൈ സർക്കാർ. ഹിന്ദുത്വകാർഡിറക്കി തന്നെയാണ് ഇക്കുറിയും ബിജെപി തെര‍ഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്നത്. 

പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാറിനെയും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഒരേപോലെ മുൻനിരയിൽ നിർത്തിയാണ് കോൺ​ഗ്രസ് ഭരണം തിരിച്ചുപിടിക്കാനുള്ള നീക്കം നടത്തുന്നത്. ബൊമ്മൈ സർക്കാരിന്റെ അഴിമതിയും വർ​ഗീയധ്രുവീകരണവുമൊക്കെത്തന്നെയാണ് കോൺ​ഗ്രസ് പ്രചരണായുധമാക്കുന്നത്. പകുതിയിലധികം സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തങ്ങൾ മുന്നൊരുക്കത്തോടെ തന്നെയാണെന്ന് പാർട്ടി വ്യക്തമാക്കിക്കഴിഞ്ഞു. അഴിമതിരഹിത സദ്ഭരണവും വികസനവുമാണ് കോൺ​ഗ്രസ് ജനങ്ങൾക്ക് വാ​ഗ്ദാനം ചെയ്യുന്നത്. ബിജെപി വിട്ട് കോൺ​ഗ്രസിലേക്ക് പലരും എത്തുന്നതും പാർട്ടിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. രാഹുൽ ​ഗാന്ധിയുടെ അയോ​ഗ്യത വിഷയത്തിന്റെ കൂടി പശ്ചാത്തലത്തിൽ എങ്ങനെയും ബിജെപിയെ പരാജയപ്പെടുത്തുക എന്നത് കോൺ​ഗ്രസിന് ഏറെ നിർണായകമാണ്. 

പഴയ മൈസൂരു മേഖലയിൽ വ്യക്തമായ മേൽക്കൈയ്യുള്ള ജെഡിഎസും അതിശക്തരായി തന്നെ മത്സരരം​ഗത്തുണ്ട്. മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയാണ് പാർട്ടിയെ നയിക്കുന്നത്. തൂക്കുമന്ത്രിസഭ എന്ന സാധ്യതയിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ കിങ്മേക്കർ പദവിയിൽ ജെഡിഎസ് തന്നെയാവും ഉണ്ടാകുക. ബിജെപിയോടും കോൺ​ഗ്രസിനോടും സമദൂരസി​ദ്ധാന്തം പാലിക്കുന്ന ജെഡിഎസ് പഴയ മൈസൂർ മേഖലയ്ക്കപ്പുറത്തേക്ക് സ്വാധീനം വർധിപ്പിക്കാനും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. കർഷക ക്ഷേമം, സാമൂഹ്യനീതി, പ്രാദേശിക വികസനം എന്നിവയിലൂന്നിയാണ് ജെഡിഎസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. 

എച്ച് ഡി കുമാരസ്വാമി

കർണാടക തെരഞ്ഞെടുപ്പ് എന്തുകൊണ്ട് നിർണായകമാവുന്നു?

കേവലമൊരു നിയമസഭാ തെരഞ്ഞെടുപ്പ് എന്നതിനപ്പുറം നിരവധി മാനങ്ങൾ കർണാടകയിലെ ജനവിധിയ്ക്കുണ്ട്. രാജ്യത്തെ മുൻ നിര സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. ഇന്ത്യയുടെ ജിഡിപിയിലേക്ക് എട്ട് ശതമാനം സംഭാവന കർണാടകയിൽ നിന്നാണ്. ഐടി, ബയോടെക്നോളജി, പ്രതിരോധം, വ്യോമയാനം തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തമായ ആധിപത്യമുള്ള സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഇവിടുത്തെ രാഷ്ട്രീയദിശാസൂചിക രാജ്യത്തിന്റെയാകെ വികസനത്തിന്റെയും കൂടി അളവുകോലാകും. 

അടുത്ത വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ദേശീയതലത്തിൽ രാഷ്ട്രീയനീക്കങ്ങളെ സ്വാധീനിക്കാൻ കർണാടകയിലെ ജനവിധിക്കാകും എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. അതിനാൽ, ബിജെപിക്കും കോൺ​ഗ്രസിനും ഈ തെരഞ്ഞെടുപ്പ് ഫലം നിർണായകമാവുന്നു. തെക്കേ ഇന്ത്യയിൽ ബിജെപിക്ക് ആധിപത്യമുള്ള ഏക സംസ്ഥാനമാണ് കർണാടക. ഇവിടെ ചുവടുറപ്പിച്ച് മറ്റ് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളും പിടിച്ചടക്കാനുള്ള നീക്കമാണ് കാലങ്ങളായി ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ടെത്തി കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭാ​ഗമാകുന്നതിന്റെ പിന്നിലെ ഉദ്ദേശവും മറ്റൊന്നല്ല. കർണാടകയിലേക്ക് ഒന്നിനു പിറകെ ഒന്നായി കേന്ദ്രപദ്ധതികൾ അനുവദിക്കുന്നതും തെരഞ്ഞെടുപ്പ് ലക്ഷ്യം മുന്നിൽക്കണ്ടുതന്നെ എന്നാണ് വിലയിരുത്തൽ. 

Read Also: 40 വർഷത്തിനിടയില്‍ കർണാടകത്തിൽ അധികാര തുടര്‍ച്ച ഉണ്ടായിട്ടില്ല; ചരിത്രം ബിജെപി തിരുത്തുമോ?

 സിദ്ധരാമയ്യയും ഡി കെ ശിവകുമാറും

വർ​ഗീയ ധ്രുവീകരണത്തിന്റെ പ്രതിഫലനം എത്തരത്തിലാവും എന്നതാണ് തെര‍ഞ്ഞെടുപ്പ് ഫലത്തെ പ്രസക്തമാക്കുന്ന മറ്റൊരു ഘടകം. കാലങ്ങളായി വർ​ഗീയ ധ്രുവീകരണത്തിനും പ്രീണനത്തിനും പലതരത്തിൽ വേദിയാവുന്ന സ്ഥലമാണ് കർണാടക. ഹിജാബ് വിവാദം, ടിപ്പു സുൽത്താന്റെ പേരിലുള്ള വിവാദങ്ങൾ, നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ മതവിഭാ​ഗങ്ങൾക്കെതിരെ നടക്കുന്ന നീക്കങ്ങൾ, മുസ്ലീം വിഭാ​ഗത്തിന്റെ സംവരണം ഒഴിവാക്കപ്പെട്ടത് തുടങ്ങി വിവിധ തരത്തിലാണ് ഈ നീക്കം പ്രകടമായിട്ടുള്ളത്. ഇതിനൊയൊക്കെ ജനങ്ങൾ എങ്ങനെ സ്വീകരിക്കുന്നു എന്നതിന്റെ വിലയിരുത്തൽ കൂടിയാവും ഈ ജനവിധി. 

ആറ് മേഖലകൾ, അറിയേണ്ട വസ്തുതകൾ

ചരിത്രപരവും ഭൂമിശാസ്ത്ര പരവുമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ കര്‍ണാടകയെ ആറ് മേഖലകളാക്കി തിരിച്ചാണ് വിലയിരുത്താറുള്ളത്. ഹൈദരാബാദ് കര്‍ണാടക, മുംബൈ കര്‍ണാടക, മധ്യ കര്‍ണാടക, തീരദേശ കർണാടക, പഴയ മൈസൂര്‍, ബംഗളൂരു കര്‍ണാടക എന്നിങ്ങനെയാണ് വിഭജനം. ഓരോ മേഖലയിലെയും രാഷ്ട്രീയ സാഹചര്യവും സമവാക്യങ്ങളും വ്യത്യസ്തമാണ്. ഏഴ് ശതമാനം കുറുബയുള്‍പ്പടെ 28 ശതമാനം വരുന്ന ഒ ബി സി വിഭാ​ഗങ്ങൾ, 24 ശതമാനം വരുന്ന പട്ടിക ജാതി- വര്‍ഗ വിഭാഗങ്ങള്‍, 18 ശതമാനം വരുന്ന ലിംഗായത്തുകൾ, 13 ശതമാനം വീതം വരുന്ന വൊക്കലിഗ – മുസ്ലിം വിഭാഗങ്ങള്‍, രണ്ടര ശതമാനം വരുന്ന ക്രിസ്ത്യാനികള്‍ എന്നിവരാണ് ഈ മേഖലകളിലായി ജനവിധിയെ നിർണയിക്കുക.

ജെഡിഎസിന് വ്യക്തമായ സ്വീധീനമുള്ള പഴയ മൈസൂര്‍ മേഖലയിൽ 57 സീറ്റുകള്‍ ആണുള്ളത്. ഇവിടെ കോണ്‍ഗ്രസ്സും ജെഡിഎസും തമ്മിലാണ് മത്സരം. ബിജെപിക്ക് മൂന്നാം സ്ഥാനം മാത്രമാണ് ഇവിടെയുള്ളത്. വൊക്കലിഗകൾ മിക്കവാറും ജെഡിഎസിനെയാണ് തുണയ്ക്കുക. മധ്യ കര്‍ണാടകയിലും ജെഡിഎസിന് സ്വാധീനമുണ്ട്. 26 സീറ്റുകളുള്ള ഇവിടെ മൂന്ന് പാര്‍ട്ടികളും ഒരേ പോലെ പ്രതീക്ഷ പുലർത്തുന്നു. ലിംഗായത്തുകളുടെ വോട്ട് ഇവിടെ നിർണായകമാണ്. ശൃംഗേരി, പുരി അടക്കമുള്ള മഠങ്ങളും ഇവിടെ ജനവിധിയെ സ്വാധീനിക്കുന്നു. മധ്യ മേഖലയിലെ ഷിമോഗ, ചിക്കമംഗളൂര്‍ എന്നിവിടങ്ങളിൽ ഹിന്ദുത്വ രാഷ്ട്രീയം പ്രധാനമാണ്.

കർണാടക നിയമസഭാ മന്ദിരം

ഹൈദരാബാദ് കര്‍ണാടകയിൽ 40 സീറ്റുകളാണുള്ളത്. കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ജന്മദേശമാണിത്. പട്ടിക ജാതി – പട്ടിക വര്‍ഗ വിഭാ​ഗങ്ങളുടെയും മുസ്ലിം വിഭാ​ഗത്തിന്റെയും വോട്ടുകള്‍ ഈ മേഖലയിൽ നിര്‍ണായകമാണ്. ഇവിടെ ലിംഗായത്തുകളുടെ വോട്ടുകളും സ്വാധീനം ചെലുത്തും. 50 സീറ്റുകളുള്ള മുംബൈ കര്‍ണാടക ലിംഗായത്തുകളുടെ ഭൂമികയായാണ് അറിയപ്പെടുന്നത്. കര്‍ണാടകയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാലയായ തീരദേശ മേഖലയില്‍ 19 സീറ്റുകളുണ്ട്. ബിജെപിയുടെ ശക്തി ബം​ഗളൂരു കർണാടകയിൽ 32 സീറ്റുകളാണ് ഉള്ളത്. ന​ഗരമേഖലയായതുകൊണ്ടു തന്നെ വര്‍ഗീയ- ജാതി രാഷ്ട്രീയത്തെക്കാളുപരി വികസനവും രാഷ്ട്രീയ നിലപാടുകളും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും ഒക്കെയാണ് ഇവിടെ ജനവിധിയെ നിര്‍ണയിക്കുക.