രാത്രി പത്തിനും പുലർച്ചെ ആറിനുമിടയിൽ ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നത് കർശനമായി വിലക്കും. നിയമലംഘനം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കും.

ബെം​ഗളൂരു: കർണാടകയിൽ വാങ്ക്, ഹനുമാൻ ചാലിസ വിവാദങ്ങൾക്കിടെ ഉച്ചഭാഷിണി (Loud speaker) ഉപയോ​ഗത്തിന് കർശന മാർ​ഗനിർദേശം പുറപ്പെടുവിച്ച് സർക്കാർ. സർക്കാർ പുറപ്പെടുവിച്ച സർക്കുലർ പ്രകാരമുള്ള മാർ​ഗനിർദേശം നടപ്പാക്കുന്നത് കർശനമായി നിരീക്ഷിക്കുമെന്നും നിയമലംഘനമുണ്ടായാൽ നടപടിയെടുക്കുമെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ബുധനാഴ്ച പറഞ്ഞു.

‌"ഉച്ചഭാഷണി പ്രശ്നവുമായി ബന്ധപ്പെട്ട് സർക്കാർ മാർ​ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും അപേക്ഷകൾ ഫയൽ ചെയ്യാൻ 15 ദിവസത്തെ സമയം നൽകുകയും ചെയ്തു. രാത്രി പത്തിനും പുലർച്ചെ ആറിനുമിടയിൽ ഉച്ചഭാഷിണി ഉപയോ​ഗിക്കുന്നത് കർശനമായി വിലക്കും. നിയമലംഘനം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കും. അനുമതിയില്ലാതെ ആർക്കും ഉച്ചഭാഷിണി ഉപയോഗിക്കാൻ കഴിയില്ല. സർക്കാർ മാർ​ഗ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. ഉച്ചഭാഷിണികളും പബ്ലിക് അഡ്രസ് സംവിധാനങ്ങളും ഉപയോഗിക്കുന്നവർ 15 ദിവസത്തിനകം നിയുക്ത അതോറിറ്റിയിൽ നിന്ന് രേഖാമൂലം അനുമതി വാങ്ങണം;;- മന്ത്രി പറഞ്ഞു.

പള്ളികളിൽ ഉച്ചഭാഷിണി ഉപയോ​ഗിച്ച് വാങ്ക് വിളിക്കുന്നതിനെതിരെ ചില ഹിന്ദു സംഘടനകൾ രം​ഗത്തെത്തിയിരുന്നു. തുടർന്ന് വാങ്ക് വിളിക്കുന്ന സമയത്ത് ഹനുമാൻ ചാലിസ ആലപിക്കുകയും ചെയ്തു. ശ്രീരാമസേന, ബജ്റം​ഗ്ദൾ തുടങ്ങിയ സംഘടനകളാണ് സമരവുമായി രം​ഗത്തെത്തിയത്.

മഹാരാഷ്ട്രയിലാണ് ഉച്ചഭാഷിണി വിവാദം തുടങ്ങിയത്. പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കണമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ഉച്ചഭാഷിണിക്കെതിരെ മഹാരാഷ്ട്രീയിൽ എംഎൻഎസ് പ്രവർത്തകർ രം​ഗത്തെത്തുകയും ചെയ്തു. പിന്നാലെയാണ് കർണാടകയിലും ഉച്ചഭാഷിണി വിവാദമുണ്ടായത്. ഉച്ചഭാഷിണിക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുത്തില്ലെങ്കിൽ തിങ്കളാഴ്ച മുതൽ കർണാടകയിലെ ക്ഷേത്രങ്ങളിലുടനീളം ഉച്ചഭാഷിണികളിലൂടെ ഹനുമാൻ ചാലിസയും സുപ്രഭാത സ്തുതിയും കേൾപ്പിക്കാൻ മുത്തലിക്ക് ആഹ്വാനം ചെയ്തിരുന്നു. പിന്നീട് പ്രമോദ് മുത്തലിക്കിന്റെ നേതൃത്വത്തിൽ കർണാടകയിലും സമരം തുടങ്ങി.