26കാരിയായ യുവതിയെ ഹോട്ടൽമുറിയിൽ നിന്ന് വലിച്ചിഴച്ച് കാട്ടിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികൾക്കാണ് ജാമ്യം കിട്ടിയത്.
ബെംഗളൂരു: കർണാടകയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത അക്രമികൾക്ക് ജാമ്യം. ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതികള്‍ ബൈക്കുകളിലും കാറുകളിലുമായി റാലി നടത്തി ആഘോഷിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ഉച്ചത്തിൽ പാട്ടുവച്ച് നഗരത്തിൽ ആഘോഷ പ്രകടനം നടത്തിയാണ് പ്രതികൾ പുറത്തിറങ്ങിയത്. കര്‍ണാടകയിലെ ഹാവേരിയിലെ അക്കി ആളൂര്‍ ടൗണിലാണ് സംഭവം. ആഘോഷം നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
കൂട്ട ബലാത്സംഗക്കേസിലെ ഏഴ് പ്രതികൾക്കാണ് ജാമ്യം കിട്ടിയത്. ഇവരാണ് റോഡിൽ റാലി നടത്തി ആഘോഷിച്ചത്. നഗരത്തിലെ റോഡുകളിൽ നടന്ന ആഘോഷത്തിൽ ബൈക്കുകളുടെയും കാറുകളുടെയും സംഘം പ്രതികളെ അനുഗമിച്ചു. ചിരിച്ച് കൊണ്ട് വിജയ ചിഹ്നങ്ങൾ കാണിച്ചും ആയിരുന്നു പ്രതികളുടെ ആഘോഷം. ആഘോഷ വീഡിയോ പ്രതികളിൽ ചിലരും, ഇവരുടെ സുഹൃത്തുക്കളും തിരിച്ച് വരവ് എന്ന ക്യാപ്ഷനോട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുുണ്ട്.
2024 ജനുവരിയി 8-നാണ് കേസിനാസ്പദമായ സംഭവം. 26കാരിയായ യുവതിയെ ഹോട്ടൽമുറിയിൽ നിന്ന് വലിച്ചിഴച്ച് കാട്ടിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു എന്നതാണ് കേസ്. രണ്ട് മതങ്ങളിൽ പെട്ട യുവാവും യുവതിയും ഹനഗലിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കാനെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിവരമറിഞ്ഞ അക്രമികൾ ഹോട്ടൽ മുറിയിലെത്തി യുവതിയുടെ കൂടെയുണ്ടായിരുന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ചു. പിന്നാലെ ഒരു സംഘം അക്രമികൾ ചേർന്ന് യുവതിയെ തൊട്ടടുത്ത കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
പ്രതികളെക്കുറിച്ച് അതിജീവിത നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് പ്രതികളെ തിരിച്ചറിയൽ പരേഡിൽ തിരിച്ചറിയുകയും ചെയ്തു. എന്നാൽ, കോടതിയിൽ നടന്ന തിരിച്ചറിയൽ പരേഡിൽ പ്രതികളെ ഇരയ്ക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഇതോടെയാണ് പ്രതികൾക്ക് കോടതി ജാമ്യം നൽകിയത്. കേസുമായി ബന്ധപ്പെട്ട് ആകെ 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ പന്ത്രണ്ട് പേരെ 10 മാസം മുൻപ് ജാമ്യത്തിൽ വിട്ടയച്ചിരുന്നു.


