തമിഴ്‌നാടിന്റെ കടുത്ത എതിർപ്പുകൾ തുടരുന്നതിനിടെ മേകേദാട്ടു ഡാം പദ്ധതിയുമായി കർണാടക സർക്കാർ മുന്നോട്ട്. പദ്ധതിയുടെ പുതുക്കിയ ഡിപിആർ കേന്ദ്ര ജല കമ്മീഷന് സമർപ്പിച്ചു. ഓഗസ്റ്റ് 13നാണ് പുതുക്കിയ ഡിപിആർ കേന്ദ്ര ജല കമ്മീഷന് സമർപ്പിച്ചത്.
ബെംഗളൂരു: കാവേരി തർക്കത്തിൽ തമിഴ്‌നാടിന്റെ കടുത്ത എതിർപ്പുകൾ തുടരുന്നതിനിടെ നിർദിഷ്ട മേകേദാട്ടു പദ്ധതിയുമായി മുന്നോട്ടുപോകാൻ ഉറച്ച് കർണാടക സർക്കാർ. പദ്ധതിയുടെ പുതുക്കിയ ഡിപിആർ കർണാടകം കേന്ദ്ര ജല കമ്മീഷന് സമർപ്പിച്ചു. എന്നാൽ പദ്ധതിച്ചെലവിലുണ്ടായ വൻ വർധനവ് സർക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. കേന്ദ്ര സഹായമില്ലാതെ പദ്ധതി നടപ്പിലാക്കുക അസാധ്യമെന്നാണ് വിലയിരുത്തൽ.
തമിഴ്നാട് ഉയർത്തുന്ന ശക്തമായ എതിർപ്പ് അവഗണിച്ചാണ് നിർദിഷ്ട മേകേദാട്ടു ഡാം പദ്ധതിയുമായി കർണാടക സർക്കാർ മുന്നോട്ടുപോകുന്നത്. ഓഗസ്റ്റ് 13നാണ് സർക്കാർ പുതുക്കിയ ഡിപിആർ കേന്ദ്ര ജല കമ്മീഷന് സമർപ്പിച്ചത്. എന്നാൽ പദ്ധതി നടപ്പാക്കാൻ ഡി കെ ശിവകുമാർ സർക്കാരിന് തമിഴ്നാട് ഉയർത്തുന്ന എതിർപ്പ് മാത്രം മറികടന്നാൽ മതിയാകില്ല. മുൻപ് 9,000 കോടി രൂപ കണക്കാക്കിയിരുന്ന പദ്ധതിയുടെ ചെലവ്, പുതുക്കിയ ഡിപിആർ പ്രകാരം 16,745 കോടി രൂപയായി ഉയർന്നു. 86 ശതമാനമാണ് ചെലവ് വർധിച്ചിരിക്കുന്നത്.
നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഈ ഭീമമായ തുക ഒറ്റയ്ക്ക് കണ്ടെത്തുക കർണാടക ജലവിഭവ വകുപ്പിന് ഏറെക്കുറെ അസാധ്യമാണ്. ഈ സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ കേന്ദ്രത്തിന്റെ സഹായം തേടുകയാണ് കർണാടകം. ഇതിന്റെ ഭാഗമായാണ് സംസ്ഥാന ജലവിഭവ മന്ത്രി ചലുവരായ സ്വാമി ദില്ലിയിലെത്തി കേന്ദ്ര ജലശക്തി മന്ത്രി സി ആർ പാട്ടീലിനെ കണ്ടത്. പുതുക്കിയ പദ്ധതിയനുസരിച്ച് ഏകദേശം 67.16 ടിഎംസി വെള്ളമാണ് മേകേദാട്ടുവിൽ സംഭരിക്കുക. ഇതിൽ 4.67 ടിഎംസി വെള്ളം ബെംഗളൂരുവിന്റെ ദാഹം ശമിപ്പിക്കാനുള്ളതാണ്. 400 മെഗാവാട്ട് ജലവൈദ്യുതി ഉൽപാദനവും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
പദ്ധതി തങ്ങളുടേതാണെങ്കിലും തമിഴ്‌നാടുമായി ഒരു ഏറ്റുമുട്ടലിന് മുതിരാതെ, അനുരഞ്ജനത്തിലൂടെ അത് യാഥാർത്ഥ്യമാക്കാനാണ് കർണാടകത്തിന്റെ ശ്രമം. മേകേദാട്ടു കർണാടകത്തേക്കാൾ തമിഴ്നാടിന് ഗുണം ചെയ്യും എന്ന വാദവും മുഖ്യമന്ത്രി ജോസഫ് വിജയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന നിലപാടും ഡി കെ ശിവകുമാർ ആവർത്തിക്കുന്നത് അനുരഞ്ജനത്തിലൂടെ അല്ലാതെ പദ്ധതി നടപ്പാക്കാനാകില്ല എന്ന തിരിച്ചറിവിന്റെ കൂടി ഭാഗമായാണ്.


