Asianet News MalayalamAsianet News Malayalam

കർണാടകയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ അജ്ഞാതരുടെ ആക്രമണം, പ്രതിമ തകർത്തു  

പിരിയപട്ടണയിലെ ഗോണിക്കൊപ്പ റോഡിനോട് ചേർന്നുള്ള സെന്റ് മേരീസ് പള്ളിയിലാണ് ചൊവ്വാഴ്ച അജ്ഞാതർ അക്രമമഴിച്ചുവിട്ടത്.

Karnataka Mysuru church vandalised
Author
First Published Dec 28, 2022, 6:14 PM IST

മൈസൂരു: ക്രിസ്മസിന് പിന്നാലെ കർണാടകയിലെ മൈസൂരിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. കഴിഞ്ഞ ദിവസമാണ് പള്ളിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ പള്ളിയിലെ ഉണ്ണിയേശുവിന്റെ പ്രതിമ തകർന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു. 

പിരിയപട്ടണയിലെ ഗോണിക്കൊപ്പ റോഡിനോട് ചേർന്നുള്ള സെന്റ് മേരീസ് പള്ളിയിലാണ് ചൊവ്വാഴ്ച അജ്ഞാതർ അക്രമമഴിച്ചുവിട്ടത്. പ്രതിമ ഉൾപ്പെടെ നിരവധി വസ്തുക്കൾ നശിച്ചതായും പൊലീസ് പറഞ്ഞു. കുറ്റവാളികളെ പിടികൂടാൻ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണെന്നും മൈസൂരു പൊലീസ് സൂപ്രണ്ട് (എസ്പി) സീമ ലത്കർ പറഞ്ഞു. 

പണപ്പെട്ടിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊണ്ടുപോയതിനാൽ സംഭവം മോഷണമാണെന്ന് സംശയിക്കുന്നതായും അവർ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ പള്ളിയിൽ എത്തിയപ്പോൾ മൈക്ക് സെറ്റും മുൻവശത്തെ മേശയും പൂച്ചട്ടികളും കേടായ നിലയിൽ കണ്ടെത്തിയതായി പള്ളിയിലെ വൈദികൻ ഫാദർ ജോൺ പോൾ പൊലീസിനോട് പറഞ്ഞു. മറ്റു ചില സാധനങ്ങൾ നശിച്ചതായും അദ്ദേഹം പറഞ്ഞു. പെരിയപട്ടണ പൊലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്.  ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.  2020 ജനുവരി 20-ന് ബെംഗളൂരുവിലെ കെങ്കേരി സാറ്റലൈറ്റ് ടൗണിൽ സ്ഥിതി ചെയ്യുന്ന സെന്റ് ഫ്രാൻസിസ് ഓഫ് അസ്സീസി പള്ളിയും അജ്ഞാതരായ അക്രമികൾ നശിപ്പിച്ചിരുന്നു.

അമ്പലത്തിൽ പോയാൽ മൃദുഹിന്ദുത്വം എന്ന നയം കൊണ്ട് മോദിയെ തോൽപിക്കാനാവില്ല: എ.കെ. ആൻ്റണി

Follow Us:
Download App:
  • android
  • ios