മോഷ്ടാക്കളെ ഇനിയും പിടികിട്ടിയിട്ടില്ല. ഇവരെ കണ്ടെത്താനായുള്ള അന്വേഷണത്തിലാണ് പൊലീസ്.
ബെംഗളുരു: കർണാടകയിൽ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ആർ ടി സി ബസ് മോഷണം പോയി. പരക്കം പാഞ്ഞ പൊലീസ് ഒടുവിൽ ബസ് കണ്ടെത്തിയത് തെലങ്കാനയിൽ നിന്നായിരുന്നു. എന്നാൽ മോഷ്ടാക്കളെ ഇനിയും പിടികിട്ടിയിട്ടില്ല. ഇവരെ കണ്ടെത്താനായുള്ള അന്വേഷണത്തിലാണ് പൊലീസ്.
സംഭവം ഇങ്ങനെ
കലബുറഗി ജില്ലയിലെ ചിഞ്ചോളി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് നോര്‍ത്ത് കല്യാണ കര്‍ണാടക ആർ ടി സിയുടെ ബസ് കാണാതായത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു മോഷണം. ബീദര്‍ ഡിപ്പോയിലെ ഈ ബസ് ബീദര്‍ - ചിഞ്ചോളി റൂട്ടിലാണ് സര്‍വീസ് നടത്തിയിരുന്നത്. കർണാടക ആർ ടി സി അധികൃതരുടെ പരാതി കിട്ടിയതോടെ ചിഞ്ചോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘത്തെയാണ് നിയോഗിച്ചത്. വിവിധ സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബസ് അതിര്‍ത്തി കടത്തി തെലങ്കാന ഭാഗത്തേക്ക് കൊണ്ടുപോയതായി കണ്ടെത്തി.
ഈ വിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബസ് ഭുകൈലാഷിലെ തീര്‍ഥാടന കേന്ദ്രത്തിന് അടുത്ത് നിന്ന് കിട്ടിയത്. റോഡരികിലെ കുഴിയില്‍ ബസിന്‍റെ ചക്രങ്ങള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ ബസ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് കരുതുന്നത്. മോഷ്ടാക്കൾക്ക് വേണ്ടി തെലങ്കാന പൊലീസിന്‍റെ കൂടി സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

അതേസമയം ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ പാലക്കാട് സമാന സംഭവം നടന്നിരുന്നു. പാലക്കാട് നഗരമധ്യത്തിലാണ് അന്ന് ബസ് മോഷണം പോയത്. കോട്ടമൈതാനത്തിന് സമീപം പെട്രോൾ പമ്പിൽ നിർത്തിയിട്ട ചെമ്മനം എന്ന ബസാണ് അന്ന് മോഷണം പോയത്. തൃശൂർ - പാലക്കാട് റൂട്ടിൽ ഓടുന്ന ബസാണ് ചെമ്മനം. പട്ടിക്കാട് സ്വദേശി സാലുവാണ് ബസിന്റെ ഉടമസ്ഥൻ. സര്‌വീസ് അവസാനിപ്പിച്ച് ഡ്രൈവർ ജോഷി പമ്പിൽ ബസ് പാർക്ക് ചെയ്തിരുന്നു. എന്നാൽ പിറ്റേന്ന് രാവിലെ എത്തിയപ്പോൾ ബസ് കാണാതായി. പെട്രോൾ പമ്പിലെ സി സി ടി വി പരിശോധിച്ചപ്പോൾ ബസ് ഒരാൾ കടത്തിക്കൊണ്ടു പോകുന്നത് പതിഞ്ഞിരുന്നു.
രാത്രി നിർത്തിയിട്ടു, രാവിലെ കാണാനില്ല; പാലക്കാട് നഗരത്തിൽ ബസ് മോഷണം
