ഒരു വിഭാ​ഗം സവർക്കറുടെ പോസ്റ്റർ പതിക്കുകയും മറ്റൊരു വിഭാ​ഗം പോസ്റ്റർ നീക്കം ചെയ്ത് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ പോസ്റ്റർ സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രശ്നങ്ങൾ ഉടലെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബെംഗളൂരു: കർണാടകയിലെ ശിവമോഗയിൽ സ്വാതന്ത്ര്യദിനത്തിൽ സംഘർഷം. വിനായക് ദാമോദർ സവർക്കറുടെ ഫോട്ടോ പതിച്ച ബാനർ ഉയർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. രണ്ട് ഗ്രൂപ്പുകൾ ഏറ്റുമുട്ടിയതിനെ തുടർന്ന് ഒരാൾക്ക് കുത്തേറ്റു. ഒരു വിഭാ​ഗം സവർക്കറുടെ പോസ്റ്റർ പതിക്കുകയും മറ്റൊരു വിഭാ​ഗം പോസ്റ്റർ നീക്കം ചെയ്ത് മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ പോസ്റ്റർ സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രശ്നങ്ങൾ ഉടലെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഉടൻ തന്നെ പോലീസ് എത്തി പോസ്റ്ററുകൾ പിടിച്ചെടുത്തു. സംഘർഷമൊഴിവാക്കാനായി പ്രദേശത്ത് ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ച് നിരോധനാജ്ഞ ഏർപ്പെടുത്തി. സംഘർഷത്തിൽ കുത്തേറ്റയാൾ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് ഇപ്പോൾ പ്രശ്നങ്ങളില്ലെന്നും സ്ഥിതി​ഗതികൾ നിയന്ത്രണവിധേയമാണെന്നും പൊലീസ് അറിയിച്ചു. സംഘർഷമൊഴിവാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. 

നെഹ്റുവില്ല, ടിപ്പുവുമില്ല; ഗാന്ധിയും സവർക്കറുമുള്ള പത്രപ്പരസ്യം! കർണാടക സർക്കാരിനെതിരെ കോൺഗ്രസ്

കഴിഞ്ഞ ദിവസം ഹെന്നൂരിൽ ദേശീയപതാക ഉയർത്തി കെട്ടാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചിരുന്നു. മുപ്പത്തിമൂന്നുകാരനായ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ വിശ്വാസ് കുമാറാണ് മരിച്ചത്. നഗരത്തിലെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരനാണ്. ദക്ഷിണ കന്നഡയിലെ സുള്ള്യ സ്വദേശിയാണ് വിശ്വാസ്. ബംഗളൂരുവിലെ ഹെന്നൂരില്‍ മാതാപിതാക്കള്‍ക്കും ഭാര്യക്കും രണ്ട് വയസുള്ള കുട്ടിക്കുമൊപ്പം രണ്ട് നില കെട്ടിടത്തിലാണ് വിശ്വാസ് താമസിച്ചിരുന്നത്.

ഇന്നലെ ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. ടെറസിലെത്തി തൂണിന് മുകളിലായി ദേശീയ പതാക കെട്ടാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കാണ് പരിക്കേറ്റത്. പിതാവായ നാരായണ്‍ ഭട്ടും ഭാര്യ വൈശാലിയും ചേര്‍ന്ന് വിശ്വാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകുന്നേരം അഞ്ച് മണിയോടെ മരണപ്പെട്ടുവെന്ന് ഹെന്നൂര്‍ പൊലീസ് പറഞ്ഞു.