ബംഗളൂരു: റെയില്‍വേ സ്റ്റേഷനിലെ തെര്‍മല്‍ സ്‌ക്രീനിംഗ് പരിശോധനയില്‍ അലംഭാവം കാണിച്ച ഉദ്യോഗസ്ഥനെ കര്‍ണാടക ആരോഗ്യ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. തുമകൂരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നരസിംഹ മൂര്‍ത്തിക്ക് എതിരെയാണ് നടപടി. തുമകൂരു സ്റ്റേഷനില്‍ വന്നിറങ്ങുന്നവരെ ഉദ്യോഗസ്ഥന്‍ അലസമായി പരിശോധിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് നടപടി. റെയില്‍വേ സ്‌റ്റേഷനില്‍ വന്നവരെ  തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തേണ്ട ഉദ്യോഗസ്ഥന്‍ അലസമായി ഫോണ്‍ വിളിച്ച് കസേരയിലിരുന്ന് പരിശോധന നടത്തുന്ന വീഡിയോ ആണ് പുറത്ത് വന്നത്. അതേസമയം, കൊവിഡ് 19 കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ നിരീക്ഷണ സംവിധാനം ശക്തമാക്കിയിരിക്കുകയാണ് രാജ്യം. യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാരേയും വിമാനത്താവളങ്ങളില്‍ പൂര്‍ണ്ണ പരിശോധനക്ക് വിധേയമാക്കും.

ഈ രാജ്യങ്ങളില്‍ കൊവിഡ് ബാധ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. വെള്ളിയാഴ്ച മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലും ആദ്യമായി കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശില്‍ നാലും ഹിമാചലില്‍ രണ്ട് പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടെ എണ്ണം ഇരുപത്തിരണ്ടായി. അതേസമയം കൊവിഡ് 19 പ്രതിരോധത്തില്‍ അടുത്ത മൂന്ന് മുതല്‍ നാല് ആഴ്ച്ച വരെ നിര്‍ണ്ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

സാമൂഹിക അകലം പാലിക്കുക നിര്‍ബന്ധമാണെന്നും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം പങ്കുവച്ചത്.