Asianet News MalayalamAsianet News Malayalam

കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പ്; വന്‍ ആധിപത്യവുമായി കോണ്‍ഗ്രസ് ദള്‍ സഖ്യം

എട്ട് സിറ്റി മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷനുകളിലെ 1361 വാര്‍ഡുകളിലേക്കും 33 ടൗണ്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 22 താലൂക്ക് പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

Karnataka Urban Local Body Election Results Live Congress wins 509 seats BJP 366
Author
Kerala, First Published May 31, 2019, 11:08 PM IST

ബംഗലൂരു: കര്‍ണാടക നഗര തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജനതാദള്‍ സഖ്യം വലിയ വിജയത്തിലേക്ക്. തീര്‍ത്തും അപ്രതീക്ഷിതമായ ഫലം എന്നാണ് ഇതിനെ കന്നഡ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദള്‍ സഖ്യസര്‍ക്കാറിന് വഴിയൊരുക്കിയ വോട്ടര്‍മാര്‍ മാസങ്ങള്‍ക്കിടയില്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തൂത്തുവാരാന്‍ അവസരം നല്‍കി. എന്നാല്‍ ഇപ്പോള്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യം വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മേയ് 29 നായിരുന്നു കര്‍ണാടകയില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസും ജെഡിഎസും സഖ്യമായാണ് ബിജെപിക്കെതിരെ മത്സരിച്ചത്. ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ 28ല്‍ 25 സീറ്റുകളും നേടി വലിയ വിജയം സ്വന്തമാക്കിയ ബിജെപി പിന്നിലാണ്. 

എട്ട് സിറ്റി മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷനുകളിലെ 1361 വാര്‍ഡുകളിലേക്കും 33 ടൗണ്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 22 താലൂക്ക് പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ വൈകീട്ട് 8.30വരെയുള്ള കണക്ക് പ്രകാരം കോണ്‍ഗ്രസ് 509 വാര്‍ഡുകളിലും ജെഡിഎസ് 173 സീറ്റുകളിലും ബിജെപി 366 വാര്‍ഡുകളിലുമാണ് വിജയിച്ചത്. 160 സീറ്റുകളില്‍ മറ്റുള്ളവരാണ് വിജയിച്ചത്. സിപിഎം 2 സീറ്റുകളും, ബിഎസ്പി 3 സീറ്റും നേടി.

എല്ലാ സിറ്റി മുനിസിപ്പാലിറ്റികളിലും ടൗണ്‍ മുനിസിപ്പാലിറ്റികളിലും കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയപ്പോള്‍ പഞ്ചായത്തുകളില്‍ മാത്രമാണ് ബിജെപി തിളങ്ങിയത്. ഫലം അറിഞ്ഞ 290 പഞ്ചായത്ത് വാര്‍ഡുകളില്‍ 126 ബിജെപിക്കാണ്. കോണ്‍ഗ്രസ് 90 വാര്‍ഡുകള്‍ നേടി.  പുറത്തുവന്ന ഫലമനുസരിച്ച് ഫലമറിയാനുള്ള സീറ്റുകളിലും വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസും ജെഡിഎസും നടത്തുന്നത്. വൈകുന്നേരത്തോടെയാണ് തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പ്രഖ്യാപിക്കുകയുള്ളു. 

Follow Us:
Download App:
  • android
  • ios