കശ്മീരിലെ അവന്ദിപൂര ചൌക്കില്‍ കൊല്ലപ്പെട്ട റിസ്‍വാന്‍ ആസാദിന്‍റെ കുടുംബാംഗങ്ങള്‍ വ്യാഴാഴ്ച  പ്രതിഷേധം നടത്തിയിരുന്നു.  പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കണമെന്നും മകനെ കൊന്നവരെ പിടികൂടണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.  

ശ്രീനഗര്‍: പൊലീസ് കസ്റ്റഡിയില്‍ മരിച്ച കശ്മീരി സ്കൂള്‍ പ്രിന്‍സിപ്പലിന്‍റെ ശരീരത്തില്‍ പീഡനമേറ്റതിന്‍റെ നിരവധി പാടുകളുണ്ടെന്ന് കുടുംബാഗംങ്ങള്‍. രക്തം വാര്‍ന്ന് മരണം സംഭവിച്ചതാണെന്നാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കശ്മീരിലെ അവന്ദിപൂര ചൌക്കില്‍ കൊല്ലപ്പെട്ട റിസ്‍വാന്‍ ആസാദിന്‍റെ കുടുംബാംഗങ്ങള്‍ വ്യാഴാഴ്ച പ്രതിഷേധം നടത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കണമെന്നും മകനെ കൊന്നവരെ പിടികൂടണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

റിസ്‍വാന്‍റെ രണ്ടു തുടകളിലും നിരവധി വലിയ മുറിവുകളുണ്ടെന്നും അവ കത്തിച്ചതുപോലെ കറുത്ത നിറത്തിലായിരുന്നെന്നും സഹോദരന്‍ മുബഷീര്‍ പറഞ്ഞു. മകന്‍റെ തലയില്‍ രണ്ട് മൂന്ന് സ്റ്റിച്ച് ഉണ്ടായിരുന്നതായും കസ്റ്റഡിയില്‍ വച്ച് ആളുകള്‍ മരിക്കാറില്ലെന്നും അത് കൊലപാതകമാണെന്നും പിതാവ് ആസാദുള്ള പണ്ഡിറ്റ് പറഞ്ഞു.

പ്രദേശത്തെ ഒരു ലോക്കല്‍ സ്കൂളിലെ പ്രിന്‍സിപ്പാളായിരുന്നു റിസ്‍വാന്‍. അതേ സ്കൂളില്‍ തന്നെ കെമിസ്ട്രിയും റിസ്‍വാന്‍ പഠിപ്പിച്ചിരുന്നു. അവന്തിപോരയില്‍ ഒരു ട്യൂഷന്‍ സെന്‍റര്‍ നടത്തിയിരുന്ന റിസ്‍വാന്‍ പോളിടെക്‍നിക്ക് കോളേജില്‍ കഴിഞ്ഞവര്‍ഷം പഠിപ്പിച്ചിരുന്നു . മാര്‍ച്ച് 17 നാണ് വീട്ടില്‍ റെയ്‍ഡ് നടത്തി റിസ്‌വാനെ പിടികൂടുന്നത്. രണ്ട് ദിവസത്തിന് ശേഷം റിസ്‍വാന്‍ മരണപ്പെട്ടെന്ന വിവരം വീട്ടുകാര്‍ക്ക് ലഭിക്കുകയായിരുന്നു.