മോഷ്ടിച്ച എഞ്ചിനുകൾ പ്രാദേശികമായി ലഭ്യമായ സ്പെയർ പാർട്‌സ് ഉപയോഗിച്ച് വാഹനങ്ങളാക്കി മാറ്റിയേക്കാനിടയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു
വിജയവാഡ: ആന്ധ്രാ പ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ കിയ മോട്ടോഴ്‌സിന്‍റെ പ്ലാന്‍റിൽ നിന്ന് എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ അറസ്റ്റിൽ. 900 ഓട്ടോമൊബൈൽ എഞ്ചിനുകളാണ് മോഷ്ടിച്ച് കടത്തിയത്. കിയ മോട്ടോഴ്‌സിൽ ജോലി ചെയ്തിരുന്ന രണ്ട് വിദേശ പൗരന്മാർ ഉൾപ്പെടെയാണ് പിടിയിലായത്. പ്രതികളെ പെനുകൊണ്ട കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
മോഷ്ടിച്ച എഞ്ചിനുകൾ മീററ്റ്, ദില്ലി, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, മധുര തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് കടത്തിയത്. 30ലധികം പേർ ഈ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ചിലർ ഒളിവിൽ പോയിട്ടുണ്ടാകാമെന്ന് പൊലീസ് കരുതുന്നു.
കിയയ്ക്ക് ഇവിടെ പ്രധാന പ്ലാന്‍റ്, ഒരു സബ് അസംബ്ലി പ്ലാന്‍റ്, തുറന്ന യാർഡ് എന്നിവയുണ്ട്. ആക്രി സാധനങ്ങൾ നിർമാർജനം ചെയ്യാനായി കൊണ്ടുപോകുന്ന പിൻഭാഗം വഴി മോഷ്ടിച്ച എഞ്ചിനുകൾ കടത്തിയെന്നാണ് നിഗമനം. ഇതിനായി ഇവിടെ ജോലി ചെയ്യുന്ന കൂടുതൽ പേരുടെ സഹായം ലഭിച്ചെന്ന് പൊലീസ് സംശയിക്കുന്നു. മോഷ്ടിച്ച എഞ്ചിനുകൾ പ്രാദേശികമായി ലഭ്യമായ സ്പെയർ പാർട്‌സ് ഉപയോഗിച്ച് വാഹനങ്ങളാക്കി മാറ്റിയേക്കാനിടയുണ്ട്. ഇവ ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനിടയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
2020 മുതൽ അഞ്ച് വർഷത്തിനിടെയാണ് കിയ കാറുകളുടെ 900ൽ അധികം എഞ്ചിനുകൾ മോഷ്ടിക്കപ്പെട്ടത്. 2025 മാർച്ചിൽ നടത്തിയ ഓഡിറ്റിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്. തുടർന്ന് പെനുകൊണ്ട ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പൊലീസിൽ പരാതി നൽകുകയായിരുന്നു.
