Asianet News MalayalamAsianet News Malayalam

ലഡ്ഡു റെഡി, ഇനി ജയിച്ചാൽ മതി, വോട്ടെണ്ണും മുമ്പ് കോൺഗ്രസ് ദേശീയ ആസ്ഥാനത്ത് ആഘോഷങ്ങളുടെ ഒരുക്കങ്ങൾ

ആദ്യ ഫല സൂചനകൾ പോലും പുറത്തുവരും മുമ്പാണ് കോൺഗ്രസ് ദേശീയ ആസ്ഥാനത്ത് ലഡുവടക്കമുള്ളവ തയ്യാറായതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.

Ladoos  brought to Congress headquarters in Delhi as the party is all set for election results ppp
Author
First Published Dec 3, 2023, 8:25 AM IST

ദില്ലി: ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചൂണ്ടുപലകയായി മാറുമെന്ന് പ്രതീക്ഷിക്കുന്ന നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്ന് തുടങ്ങും മുമ്പ് ആഘോഷത്തിനൊരുങ്ങി ഇരിക്കുകയാണ്. ദില്ലിയിലെ എഐസിസി ആസ്ഥാനത്ത് ലഡുവടക്കം തയ്യാറാക്കിയാണ് കോൺഗ്രസ് ആഘോഷിക്കാനായി കാത്തിരിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനാരിക്കെ ഇത്തരമൊരു കാഴ്ച എഐസിസി ആസ്ഥാനത്ത് അപൂര്‍വമാണ്. ആദ്യ ഫല സൂചനകൾ പോലും പുറത്തുവരും മുമ്പാണ് കോൺഗ്രസ് ദേശീയ ആസ്ഥാനത്ത് ലഡുവടക്കമുള്ളവ തയ്യാറായതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ആഘോഷത്തിനായി ഹനുമാൻ വേഷത്തിലടക്കം ആളുകൾ കോൺഗ്രസ് ആസ്ഥാനത്തെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

അതേസമയം, വോട്ടെണ്ണൽ തുടങ്ങി ആദ്യ ഫല സൂചനകൾ പുറത്തുവരുമ്പോൾ ഇരുമുന്നണികളും ശുഭപ്രതീക്ഷയിലാണ്. രാജസ്ഥാൻ, ഛത്തീസ്​ഗഡ്, മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് രാജ്യം. രാജസ്ഥാനിലെ 200ൽ 199 സീറ്റുകളിലും മധ്യപ്രദേശിലെ 230 സീറ്റുകളിലും ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും തെലങ്കാനയിൽ 119 സീറ്റുകളിലും ഫല സൂചനകൾ പുറത്തുവന്ന് തുടങ്ങി. മിസോറമിലെ വോട്ടെണ്ണൽ നാളത്തേക്ക് മാറ്റിയിട്ടുണ്ട്. വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകളിൽ രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കും, തെലങ്കാനയിലും ഛത്തീസ്ഘട്ടിലും കോൺഗ്രസിനുമാണ് സാധ്യത പ്രവച്ചിരുന്നത്.

രാജസ്ഥാനിലെ 200 ൽ 199 മണ്ഡലങ്ങളിലെ ഫലം ഇന്നറിയും. 74.75 ശതമാറ്റം പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്. ഭരണത്തുടർച്ച കിട്ടുമെന്ന് കോൺഗ്രസും തിരികെ വരുമെന്ന് ബിജെപിയും ഇവിടെ പ്രതീക്ഷിക്കുന്നു. അതേസമയം ഭൂരിപക്ഷം എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്കാണ് സാധ്യത കൽപിക്കുന്നത്. തൂക്ക് സഭയ്ക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 

മധ്യപ്രദേശിൽ വിജയ പ്രതീക്ഷയിലാണ് ബിജെപിയും കോൺഗ്രസും. വിജയിച്ചാൽ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നതിനെക്കുറിച്ച് കോൺഗ്രസ് ആലോചിക്കുന്നുണ്ട്. കമൽനാഥിന്‍റെ വസതിയിൽ രാത്രി വൈകുവോളം മുതിർന്ന നേതാക്കൾ കൂടിക്കാഴ്ച നടത്തി. രാവിലെ എഐസിസി നിരീക്ഷകരും സംസ്ഥാനത്തെത്തും. അയ്യായിരത്തോളം ടേബിളുകളാണ് വോട്ടെണ്ണലിനായി സജ്ജീകരിച്ചിരിക്കുന്നത്.  മധ്യപ്രദേശിൽ കോൺഗ്രസ് 130ലധികം സീറ്റ് നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ്‍വിജയ് സിംഗ് ഏഷ്യാനെറ്റ് ന്യൂസിനോട്. ബിജെപിക്ക് അനുകൂലമായ വന്ന എക്സിറ്റ് പോളുകൾ വ്യാജമാണ്. ഇത്തവണ ചതിയൻമാർ ഒപ്പമില്ലെന്നും അതിനാൽ കൂറ് മാറ്റം ഉണ്ടാകില്ലെന്നും ദിഗ്‍വിജയ് സിങ് പറഞ്ഞു. 

തെലങ്കാനയിൽ ഫലപ്രഖ്യാപനം വന്നാലുടൻ സർക്കാർ രൂപീകരണത്തിനുള്ള മുന്നൊരുക്കങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ് കോൺഗ്രസ്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ അടക്കം 5 നേതാക്കളെ തെലങ്കാനയിലേക്ക് നിരീക്ഷകരായി ഹൈക്കമാൻഡ് നിയോഗിച്ചു. ഇതിനിടെ, തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളും ഡി.കെ.ശിവകുമാറുമായി രാഹുൽ ഗാന്ധി സൂം മീറ്റിംഗ് വഴി ചർച്ച നടത്തി.

കോണ്‍ഗ്രസ് എംഎൽഎമാരെ വിലയ്ക്കെടുക്കാനാവില്ല, റിസോർട്ട് രാഷ്ട്രീയം അഭ്യൂഹം മാത്രം: ഡി കെ ശിവകുമാർ

ഇഞ്ചോടിച്ച് പോരാട്ടം നടന്ന ഛത്തീസ്ഗഡിൽ വിജയപ്രതീക്ഷയിലാണ് കോൺഗ്രസും ബിജെപിയും. ഭൂപേഷ് ബാഗേലിന്റെ ചിറകിലേറി ഇക്കുറിയും ഭരണത്തുടർച്ച നേടുമെന്ന് വിശ്വാസമാണ് കോൺഗ്രസിന്. അതെസമയം അട്ടിമറിവിജയം നേടുമെന്നാണ് ബിജെപിയുടെ അവകാശവാദം. എക്സിറ്റ് പോളുകൾ കോൺഗ്രസിന് അനായാസ വിജയം എന്ന് പ്രവചനം നൽകുന്നില്ല. ചെറിയ സീറ്റുകളിലാണ് ഭൂരിപക്ഷമെങ്കിൽ അന്തർനാടകങ്ങൾക്ക് സംസ്ഥാനം സാക്ഷിയാകും.

Latest Videos
Follow Us:
Download App:
  • android
  • ios