മകളുടെ വിവാഹത്തിന് ഒരാഴ്ച മുമ്പ് ഏപ്രിൽ 8 ന് സപ്നാ ദേവിയെ കാണാതായി. വീട്ടിൽ അലമാരയിൽ സൂക്ഷിച്ച പണവും ആഭരണങ്ങളും എടുത്തുകൊണ്ട് പോയി. 

ആഗ്ര: മകളുടെ വിവാഹത്തിന് ദിവസങ്ങൾ മുമ്പ് ഭാവി മരുമകനൊപ്പം ഒളിച്ചോടിയ അമ്മ ദിവസങ്ങൾക്ക് ശേഷം തിരികെയെത്തി. ഉത്തർപ്രദേശിലെ അലിഗഡ് സ്വദേശിനി സപ്ന ദേവിയാണ് വീട്ടിലേക്ക് തിരികെയെത്തി, കുടുംബത്തിനൊപ്പം പോകില്ലെന്നും മരുമകനൊപ്പം ജീവിക്കുമെന്നും പ്രഖ്യാപിച്ചത്. 

സപ്നാ ദേവിയുടെ മകൾ ശിവാനിയും രാഹുലുമായുള്ള വിവാഹം ഏപ്രിൽ 16 ന് നടക്കാനിരുന്നതായിരുന്നു. വിവാഹ കാർഡുകൾ അടക്കം അടിച്ചു. ഇരുവരുടേയും വീടുകളിൽ ഒരുക്കങ്ങൾ നടക്കുകയും ചെയ്തു. എന്നാൽ എല്ലാവരെയും ഞെട്ടിച്ച് വിവാഹത്തിന് ഒരാഴ്ച മുമ്പ്, ഏപ്രിൽ 8 ന് സപ്നാ ദേവിയെ കാണാതായി. വീട്ടിൽ അലമാരയിൽ സൂക്ഷിച്ച പണവും ആഭരണങ്ങളും കാണാനില്ലായിരുന്നു. അതേസമയം തന്നെ മകൾ ശിവാനിയെ വിവാഹം കഴിക്കാനിരുന്ന രാഹുലിനെയും കാണാതായി. ഭർത്താവ് ജിതേന്ദ്ര കുമാർ, ഭാര്യയെ കാണാതായെന്ന് പരാതി നൽകിയതോടെയാണ് സംഭവം പുറത്തുവന്നത്. അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം സപ്ന ദേവിയും രാഹുലും തിരിച്ചെത്തി പൊലീസിന് മുന്നിൽ ഹാജരായി. ഭർത്താവിനും കുടുംബത്തിനും ഒപ്പം പോകാൻ താൽപര്യമില്ലെന്നു ഇവർ അലിഗഡ് പൊലീസിനോട് പറയുകയും, രാഹുലിനൊപ്പം താമസിക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്നു അറിയിക്കുകയുമായിരുന്നു. തുടർന്ന് സപ്നാ ദേവിയെ പൊലീസ് രാഹുലിന് ഒപ്പം വിട്ടയച്ചു.

ഭർത്താവും മകളും തന്നെ മാനസികമായി പീഡിപ്പിക്കുകയായിരുന്നും അവരോടൊപ്പം താമസിക്കില്ലെന്നുമാണ് സപ്നാ ദേവി കൌൺസിലിങ്ങിനിടെ പറഞ്ഞത്. സപ്നാ ദേവിയുടെ ജീവൻ രക്ഷിക്കുകയായിരുന്നുവെന്നും ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചുവെന്നുമാണ് രാഹുൽ വിശദീകരിച്ചത്. 3.5 ലക്ഷം രൂപയും 5 ലക്ഷം രൂപയിൽ കൂടുതൽ വിലവരുന്ന ആഭരണങ്ങളും അമ്മ എടുത്തുകൊണ്ടുപോയതായി മകൾ പറഞ്ഞു. 

കഴിഞ്ഞ മൂന്നോ നാലോ മാസമായി രാഹുലും എന്റെ അമ്മയും ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. ഞങ്ങളുടെ അലമാരയിൽ 3.5 ലക്ഷം രൂപയും 5 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള ആഭരണങ്ങളും ഉണ്ടായിരുന്നു. രാഹുൽ ആവശ്യപ്പെട്ടത് അനുസരിച്ച് പണവും സ്വർണ്ണവുമെടുത്താണ് അമ്മ പോയത്. സപ്നാ ദേവിയെ വേണ്ടെന്നും തങ്ങൾക്ക് പണവും ആഭരണങ്ങളും തിരികെ നൽകണമെന്നും മകൾ ശിവാനിയും അച്ഛൻ ജിതേന്ദ്രയും ആവശ്യപ്പെട്ടു.

YouTube video player