"ജഡ്ജിമാർ അവരുടെ ജോലി ചെയ്യുന്നു, വിധിക്കുന്നു. എന്നാൽ അതനുസരിച്ച് ജോലികൾ പൂർത്തിയാക്കുന്നതിന്റെ ബുദ്ധിമുട്ട് അവർക്കറിയില്ല. പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചോ സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ചോ അവർ ചിന്തിക്കുന്നില്ല". മന്ത്രി കുറ്റപ്പെടുത്തി.
അഹമ്മദാബാദ്: ജുഡീഷ്യൽ ആക്ടിവിസത്തെക്കുറിച്ച് ശക്തമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ജുഡീഷ്യറി വഴിതെറ്റുമ്പോൾ പരിഷ്കരിക്കാൻ ഒരു മാർഗവുമില്ലെന്നാണ് മന്ത്രി പറഞ്ഞത്. "നമുക്ക് നിയമസഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്ന് സ്തംഭങ്ങളുണ്ട്. എക്സിക്യൂട്ടീവും ലെജിസ്ലേച്ചറും അവരുടെ ചുമതലകളിൽ ബാധ്യസ്ഥരാണെന്നും ജുഡീഷ്യറി അവരെ തിരുത്തുമെന്നും ഞാൻ കരുതുന്നു. എന്നാൽ ജുഡീഷ്യറി വഴിതെറ്റുമ്പോൾ അവയെ പരിഷ്കരിക്കാൻ ഒരു മാർഗവുമില്ല". മന്ത്രി പറഞ്ഞു.
ജുഡീഷ്യറിയെ നിയന്ത്രിക്കാനും അതിന്റെ പരിധിക്കുള്ളിൽ നിലനിർത്താനും ഒരു സംവിധാനവുമില്ലാത്തപ്പോൾ, ജുഡീഷ്യൽ ആക്ടിവിസം പോലുള്ള ചോദ്യങ്ങൾ ഉയരുന്നു. പല ജഡ്ജിമാരും അവരുടെ ഉത്തരവിന്റെ ഭാഗമല്ലാത്ത, അത്തരം നിരീക്ഷണങ്ങൾ നൽകുന്നു. ജഡ്ജിമാർ നിരീക്ഷണങ്ങൾ നടത്തുന്നു. ഒരു തരത്തിൽ, അവർ അവരുടെ ചിന്തകളെ തുറന്നുകാട്ടുകയാണ്. ഇതിൽ സമൂഹത്തിൽ എതിർപ്പുമുണ്ടെന്നും മന്ത്രി പറഞ്ഞു.
"ജഡ്ജിമാർക്ക് പറയാനുള്ളതെല്ലാം അവർ പറയും. അഭിപ്രായങ്ങളിലൂടെയല്ല, ഉത്തരവുകളിലൂടെയാണ് പറയുക. ജഡ്ജിമാർ അവരുടെ ജോലി ചെയ്യുന്നു, വിധിക്കുന്നു. എന്നാൽ അതനുസരിച്ച് ജോലികൾ പൂർത്തിയാക്കുന്നതിന്റെ ബുദ്ധിമുട്ട് അവർക്കറിയില്ല. പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചോ സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ചോ അവർ ചിന്തിക്കുന്നില്ല". മന്ത്രി കുറ്റപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിൽ പാഞ്ചജന്യ വാരിക സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് രാജ്യത്തിന്‍റെ പരമോന്നത നീതി പീഠമായ സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ചന്ദ്രചൂഡിനെ അടുത്ത ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു. സുപ്രിം കോടതിയുടെ അമ്പതാമത്തെ ചീഫ് ജസ്റ്റിസായി ചന്ദ്രചൂഡ് അടുത്ത മാസം ഒമ്പതാം തിയതിയാകും സത്യപ്രതിജ്ഞ ചെയ്യുക. നിലവിലെ ചീഫ് ജസ്റ്റിസ് യു യു ലളിത് പിൻഗാമിയായി ചന്ദ്രചൂഡിനെ നിർദേശിച്ച് കൊണ്ടുള്ള ശുപാർശ കേന്ദ്ര നിയമ മന്ത്രാലയത്തിന് നേരത്തെ കൈമാറിയിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ ചന്ദ്രചൂഡിന് പച്ചക്കൊടി കാട്ടിയത്. 2024 നവംബർ പത്തിന് വിരമിക്കുന്ന അദ്ദേഹത്തിന് രണ്ട് വർഷം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരാനാകും.
Read Also; അച്ഛന്റെ വിധികള്‍ തിരുത്തിയ മകന്‍, പുതിയ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ജീവിതം
