ബെംഗളൂരുവിൽ കുത്തേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. പ്രണയബന്ധം അവസാനിപ്പിച്ചതിൻ്റെ പേരിൽ കാമുകൻ്റെ സഹോദരൻ ആണ് യുവതിയെ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ ആണ് മരിച്ചത്.
ബെംഗളൂരു: ബെംഗളൂരുവിൽ പ്രണയബന്ധം അവസാനിപ്പിച്ചതിൻ്റെ പേരിൽ കുത്തേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. നിയമവിദ്യാർത്ഥിനിയായ അമൃത (22) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് 48 മണിക്കൂറോളം മരണത്തോട് മല്ലടിച്ചതിന് ശേഷമാണ് യുവതിക്ക് ജീവൻ നഷ്ടമായത്. സംഭവത്തിൽ അമൃതയുടെ പ്രദേശത്ത് തന്നെ താമസിക്കുന്ന ധനുഷ്, ഇയാളുടെ ഇളയ സഹോദരൻ സൂര്യ എന്നിവരെ ജെ ബി നഗർ പൊലീസ് അറസ്റ്റ് ചെയ്തു. സൂര്യ ആണ് യുവതിയെ ആക്രമിച്ചത്.
ഇക്കഴിഞ്ഞ 13-ാം തീയതി വൈകുന്നേരം എച്ച്എഎൽ റോഡിലെ കൊടിഹള്ളിയിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. അമൃതയുടെ വീടിന് മുന്നിൽവെച്ചുണ്ടായ സംഘട്ടനത്തിലാണ് യുവതിക്ക് കത്തികൊണ്ടുള്ള കുത്തേറ്റത്. ജ്യേഷ്ഠനുമായുള്ള ബന്ധം അവസാനിപ്പിച്ചതിൻ്റെ പേരിൽ കത്തിയുമായെത്തിയ സൂര്യ, അമൃതയുടെ നെഞ്ചിനും പുറത്തും കുത്തുകയായിരുന്നു. പരിക്കേറ്റ യുവതിയെ കുടുംബാംഗങ്ങൾ ചേർന്ന് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 48 മണിക്കൂറിന് ശേഷം യുവതിക്ക് ജീവൻ നഷ്ടമായി. സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച സൂര്യയെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിന് കൈമാറി.
പ്രണയം, വഞ്ചന
മതപരമായ ചടങ്ങിൽ പങ്കെടുക്കവെ ആണ് ഒരേ നാട്ടുകാരായ അമൃതയുടെയും ധനുഷിന്റെയും കുടുംബം പരിചയപ്പെടുന്നത്. ഇതിനിടെ, അമൃതയും ധനുഷും സുഹൃത്തുക്കളാകുകയും പിന്നീട് ഇരുവരും പ്രണയത്തിലാകുകയും ചെയ്തു. എന്നാൽ ധനുഷ് വിവാഹമോചിതനാണെന്നും മുൻ ഭാര്യയിൽ കുട്ടിയുണ്ടെന്നും അറിഞ്ഞതോടെ അമൃത യുവാവുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇതേ തുടർന്ന് പ്രകോപിതനായ ധനുഷിൻ്റെ ഇളയ സഹോദരൻ സൂര്യ, അമൃതയ്ക്കെതിരെ രംഗത്തെത്തുകയായിരുന്നു.
ജൂലൈ 13ന് അമൃതയുടെ വീടിന് മുന്നിൽ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് യുവതിക്ക് കുത്തേറ്റത്. ബുധനാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്. ആക്രമണത്തെ തുടർന്ന് ധനുഷിനും സുര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. അറസ്റ്റിലായ ഇരുവരെയും ചോദ്യംചെയ്തുവരികയാണ്. യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സിവി രാമൻ ആശുപത്രിയിലേക്ക് മാറ്റി.


