മുംബൈയിലെ പരൽ-അംബർനാഥ് ലോക്കൽ ട്രെയിനിൽ രണ്ട് യാത്രക്കാർ തമ്മിൽ ഏറ്റുമുട്ടി. ഇരുമ്പ് കൈവള ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഇരുവർക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ കല്യാൺ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ സംഘർഷം. പരൽ-അംബർനാഥ് ലോക്കൽ ട്രെയിനിന്റെ ലഗേജ് കോച്ചിലാണ് യാത്രക്കാർ ഏറ്റുമുട്ടിയത്. ഇന്ന് പുലർച്ചെ 12:30 ഓടെയായിരുന്നു സംഭവം. രണ്ട് യാത്രക്കാർ തമ്മിലായിരുന്നു ഏറ്റുമുട്ടൽ. ഇരുവർക്കും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ട്രെയിൻ കല്യാൺ സ്റ്റേഷനിൽ എത്തിയപ്പോൾ ആർപിഎഫും ഗവൺമെന്റ് റെയിൽവേ പോലീസും ലഗേജ് കോച്ചിലേക്ക് എത്തി. തമ്മിലടിച്ച രണ്ട് പേരെയും ശാന്തരാക്കി. പരിക്കേറ്റ ഇരുവർക്കും ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. പിന്നീട് സ്ട്രെച്ചറുകളെത്തിച്ച് ആംബുലൻസിൽ രുക്മാഭായ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിൽ ഒരാളുടെ തലയ്ക്കേറ്റ പരിക്ക് അതീവ ഗുരുതരമാണ്. ഇയാളെ പിന്നീട് സയൺ ആശുപത്രിയിലേക്ക് മാറ്റി.
ഇടിവള ഉപയോഗിച്ചാണ് ആക്രമണമെന്നാണ് വിവരം. റെയിൽവേ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇരുവരുടെയും കൈയിൽ മൂർച്ചയേറിയ ആയുധങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. വഴക്കിനിടയിൽ ഒരാളുടെ കൈയിലുണ്ടായിരുന്ന വലിയ ഇരുമ്പ് കൈവള മറ്റേയാളുടെ തലയിൽ ആഞ്ഞടിച്ചതാണ് ഗുരുതര പരിക്കിന് കാരണമായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ കല്യാൺ റെയിൽവേ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. റെയിൽവേ പോലീസിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പ്രതികരിക്കാമെന്നാണ് സെൻട്രൽ റെയിൽവേ അറിയിച്ചത്.


